
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ജനവികാരത്തെ തുടർന്നാണ് സഖാക്കൾ പ്രതിഷേധവുമായി തെരുവിലിറങ്ങുകയും പാർട്ടി നേതാക്കൾ ബി.ജെ.പിയിൽ ചേക്കേറുകയും ചെയ്യുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം. പി.
ചേരിപ്പോരും തമ്മിലടിയും മുല്യച്യുതിയും ജീർണ്ണതയുമാണ് സി.പി.എം നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധിയെന്ന് അദ്ദേഹം വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
നേതൃത്വത്തോടുള്ള അതൃപ്തി പരസ്യപ്പെടുത്തി അണികൾ തെരുവിൽ പ്രതിഷേധിക്കുന്നത് സിപിഎമ്മിന്റെ സമീപകാല ചരിത്രത്തി ലാദ്യമാണ്. ഇത് പിണറായി വിജയനും എം.വി ഗോവിന്ദനുമുള്ള അന്തിമ താക്കീതാണ്. ആലപ്പുഴയിലെ ജില്ലാ പഞ്ചായത്തംഗം ബിജെപിയിൽ ചേർന്നതും സ്ത്രീകളും യുവാക്കളും അടങ്ങുന്ന അണികൾ കരുനാഗപ്പള്ളിയിൽ പ്രതിഷേധിച്ചതും അതിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
തല്ലിയൊതുക്കിയാൽ
പ്രശ്നം തീരില്ല
വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം നീണ്ടുപോകുന്നതിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച പൊലീസ് നടപടിയിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ശക്തമായി പ്രതിഷേധിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അനങ്ങാപ്പാറ നയം സ്വീകരിച്ചതോടെ നാലു മാസം കഴിഞ്ഞിട്ടും ദുരന്തബാധിതർ അനിശ്ചിതത്ത്വത്തിലാണ്. സമരത്തിലൂടെ അധികൃതരുടെ കണ്ണുതുറപ്പിക്കാനാണ് യൂത്ത് കോൺഗ്രസ് ശ്രമിച്ചത്. അവരെ തല്ലിയൊതുക്കുന്നതുകൊണ്ട് പ്രശ്നം തീരില്ലെന്ന് സർക്കാർ ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.