vakkettam

ആറ്റിങ്ങൽ: പാലസ് റോഡിൽ സ്വകാര്യ ബസുകൾക്ക് വീണ്ടും യാത്രാനുമതി നൽകിയ സംഭവത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്വകാര്യ ബസുകൾ തടഞ്ഞത് സംഘർഷത്തിനിടയാക്കി. കഴിഞ്ഞ ദിവസം സ്വകാര്യ ബസ് തട്ടി 3 വിദ്യാർത്ഥികൾക്ക് പരിക്കേറ്റ സംഭവത്തിൽ പാലസ് റോഡ് വഴി സ്റ്റാൻഡിലേക്ക് വാഹനങ്ങൾ വരുന്നത് പൊലീസും ആർ.ടി.ഒ അധികൃതരും ചേർന്ന് തടഞ്ഞിരുന്നു. ഇതിനെതിരെ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ഒ.എസ്.അംബിക എം.എൽ.എയടക്കം വിളിച്ചുചേർത്ത യോഗത്തിൽ സ്വകാര്യ വാഹനങ്ങളുടെ വിലക്ക് പിൻവലിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് ശനിയാഴ്ച രാവിലെ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ഗേൾസ് ഹൈസ്കൂളിനു സമീപം പാലസ് റോഡ് വഴിവന്ന സ്വകാര്യ ബസുകൾ തടഞ്ഞത്. ബസിലെ യാത്രക്കാർ ടിക്കറ്റ് ചാർജ് തിരിച്ച് ചോദിച്ചതോടെ യാത്രക്കാരും ബസ് ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇത് ചിത്രീകരിക്കാനെത്തിയ പ്രാദേശിക ചാനൽ റിപ്പോർട്ടറെ സ്വകാര്യ ബസ് ജീവനക്കാർ കൈയേറ്റം ചെയ്തു. ഇത് പത്രക്കാരും ഡി.വൈ.എഫ്.ഐ പ്രവർത്തകരും ചോദ്യം ചെയ്തത് വൻ സംഘർഷത്തിനിടയാക്കി. ഇടറോഡുകളിൽ സ്വകാര്യ ബസുകൾ കൊണ്ടിട്ട് പ്രതിഷേധിച്ചത് വൻ ഗതാഗതക്കുരുക്കിന് കാരണമായി. അവിചാരിതമായി സ്വകാര്യബസുകൾ മിന്നൽപ്പണിമുടക്ക് നടത്തിയതിനെ തുടർന്ന് പി.എസ്.സി പരീക്ഷയെഴുതാൻ എത്തിയവരും വികലാംഗരും വയോധികരുമുൾപ്പെടെ അനവധിപേർ വഴിയിൽ കുടുങ്ങി. പൊലീസിന്റെ അനാവശ്യ ട്രാഫിക് പരിഷ്കാരത്തിനെതിരെ പ്രതിഷേധം വ്യാപകമാവുകയാണ്. പാലസ് റോഡിൽ ട്രാഫിക് പരിഷ്കാരത്തിന്റെ പേരിൽ കഴിഞ്ഞ രണ്ട് വർഷക്കാലമായാണ് സ്വകാര്യ ബസുകൾക്ക് പ്രവേശനം അനുവദിച്ചത്. അന്നുമുതൽ തന്നെ ചെറുതും വലുതുമായ അപകടങ്ങൾ പതിവായിരുന്നു. സ്വകാര്യ ബസുകളുടെ അമിതവേഗതയാണ് അപകടങ്ങൾക്ക് കാരണം. അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു ഇടപെടലുമുണ്ടാവാത്തത് അപകടങ്ങൾക്ക് കാരണമായെന്ന് നാട്ടുകാർ പറഞ്ഞു. വിദ്യാർത്ഥികൾ അപകടത്തിൽപ്പെട്ടിട്ടും ബസ് നിറുത്താതെ പൊയതും ബസിലെ കണ്ടക്ടർക്ക് ലൈസൻസില്ലെന്നുമുള്ള കണ്ടെത്തലും അധികൃതരുടെ വീഴ്ചയാണെന്നാണ് വിലയിരുത്തൽ. ഗതാഗതക്കുരുക്കിനെ തുടർന്ന് ബസ് അധികൃതരും പൊലീസും നടത്തിയ ചർച്ചയിൽ ബന്ധപ്പെട്ടവർ ഉടൻ അടിയന്തരയോഗം ചേർന്ന് പ്രശ്നപരിഹാരത്തിന് വഴി തേടുമെന്ന ഉറപ്പിന്മേൽ ഡി.വൈ.എഫ്.ഐ ഉപരോധസമരം പിൻവലിച്ചു. തുടർന്ന് ബസ് സർവീസുകൾ പുനഃരാരംഭിച്ചു.