biju

കിളിമാനൂർ: വിവാഹ അഭ്യർത്ഥന നിരസിച്ച പെൺകുട്ടിയുടെ അച്ഛന്റെ തലയ്ക്കിടിച്ച സംഭവത്തിൽ ചികിത്സയിൽ കഴിയുകയായിരുന്ന പിതാവ് മരിച്ചു. കിളിമാനൂർ ഞാവേലിക്കോണം മേലതിൽ വീട്ടിൽ ബിജു (41) ആണ് മരിച്ചത്. കൂലിപ്പണിക്കാരനാണ്. പ്രതി മടത്തറ വളവുപച്ച തുമ്പമൺ തടത്തരികത്ത് വീട്ടിൽ രാജീ (29)വിനെ സംഭവം ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതി റിമാൻഡിലാണ്. നവംബർ 17 നാണ് സംഭവം. ബിജുവിന്റെ വീട്ടിനടുത്ത് ഒരു മരണചടങ്ങിനെത്തിയപ്പോഴാണ് പ്രതി പെൺകുട്ടിയെ കണ്ടത്. പിന്നീട്, മകളെ വിവാഹം കഴിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. കൂലിപ്പണിക്കാരനാണ് രാജീവ്. പ്രായ പൂർത്തിയാകാത്ത മകളെ വിവാഹം കഴിച്ചു നൽകാൻ ബിജു വിസമ്മതിച്ചു. ഇതിന്റെ പ്രകോപനത്താൽ പ്രതി രാത്രി 9 മണിയോടെ ബിജുവിനെ ആക്രമിക്കുകയും കല്ലു കൊണ്ട് തലയ്ക്കിടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിജു ഇന്നലെ രാവിലെ മരിച്ചു. ഭാര്യ: ലിജി. മക്കൾ: വിജി, ജിത്തു.