vld-2

വെള്ളറട: പാറശാല നിയോജകമണ്ഡലത്തിലെ വനം വകുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് കേന്ദ്ര വനം വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവിന് സി.കെ. ഹരീന്ദ്രൻ എം.എൽ.എ നിവേദനം നൽകി. സംസഥാന വനം പരിസ്ഥിതി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്. മലയോര മേഖലയായ അമ്പൂരി,​ കള്ളിക്കാട് പഞ്ചായത്തുകളിലെ അഞ്ചുചങ്ങല മേഖലയിലെ താമസക്കാർക്ക് പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്. എന്നാൽ വാഴിച്ചൽ വില്ലേജിൽ അഞ്ചുചങ്ങല മേഖലയിൽ ഉൾപ്പെട്ട പ്രദേശം റവന്യു രേഖകളിൽ വനം വകുപ്പിന് കീഴിലുള്ള ക്ളാമല സെക്കന്റ് റിസർവ് ഫോറസ്റ്റ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ പ്രദേശംകഴിഞ്ഞ 50 വർഷത്തിലധികമായി ജനങ്ങൾ താമസിക്കുന്നതും കൃഷി ചെയ്ത് വരുന്നതുമായ മേഖലയാണ്. പ്രസ്തുത സ്ഥലത്തെ ജനങ്ങൾക്ക് പട്ടയം ലഭ്യമാക്കുന്നതിന് കേന്ദ്ര വനം വകുപ്പിന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് എത്രയും വേഗം ലഭ്യമാക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പ്രദേശത്ത് 1- 1- 1977 നു മുമ്പ് കുടിയേറിയ കർഷകരുടെ ഭൂമി അവർക്ക് പതിച്ചുനൽകി പട്ടയം ലഭ്യമാക്കി ക്രമപ്പെടുത്തണമെന്ന ആവശ്യത്തിൽ കൂടുതൽ തെളിവുകൾ നൽകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. തെളിവുകൾ ലഭ്യമാകുന്ന മുറക്ക് എത്രയും വേഗത്തിൽ എൻ.ഒ.സി ലഭ്യമാക്കാമെന്ന് മന്ത്രി ഉറപ്പുനൽകി. നെയ്യാർഡാമിൽ പ്രവർത്തിച്ചിരുന്ന ലയൺ സഫാരി പാർക്ക് തുറന്നുപ്രവർത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇതിനും പരിഹാരം കാണാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി സംഘം പറഞ്ഞു. നിയമ സഭയിലെ വനം പരിസ്ഥിതി ടൂറിസം സബ്ജറ്റ് കമ്മിറ്റിയിലെ അംഗങ്ങളായ എം.എൽ.എ മാരായ സണ്ണി ജോസഫ്,​ പി.എസ്. സുപാൽ,​ എൽദോസ്. പി കുന്നപ്പള്ളിൽ,​ നജീബ് കാന്തപുരം,​ ഡീൻ കുര്യാക്കോസ് എം.പി,​ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ,​ തുടങ്ങിയവർ നിവേദന സംഘത്തിലുണ്ടായിരുന്നു.