
തിരുവനന്തപുരം : എയ്ഡ്സ് രോഗികളുടെ എണ്ണം പൂജ്യത്തിലേക്ക് എത്തിക്കാൻ ഒന്നായ് പൂജ്യത്തിലേക്ക് എന്ന കാമ്പെയിനിലൂടെ ശക്തമായ പ്രവർത്തനം നടക്കുന്നതായി മന്ത്രി വീണാ ജോർജ് അറിയിച്ചു.
ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കനുസരിച്ച് 2030ഓടുകൂടി പുതിയ എച്ച്.ഐ.വി അണുബാധയില്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങൾ. എന്നാൽ കേരളം വളരെ നേരത്തെ ആ ലക്ഷ്യത്തിലെത്തും. ഒന്നായ് പൂജ്യത്തിലേക്ക് കാമ്പെയിനിലൂടെ 2025ഓടുകൂടി 95:95:95 എന്ന ലക്ഷ്യം കൈവരിക്കാനാണ് കേരളം പ്രയത്നിക്കുന്നത്. ഇതിൽ ആദ്യത്തെ 95 എച്ച്.ഐ.വി ബാധിതരായവരിൽ 95ശതമാനം ആളുകളും അവരുടെ എച്ച്.ഐ.വി രോഗാവസ്ഥ തിരിച്ചറിയുക.
രണ്ടാമത്തെ 95 എച്ച്.ഐ.വി അണുബാധിതരായി കണ്ടെത്തിയവരിൽ 95ശതമാനവും എ.ആർ.ടി ചികിത്സയ്ക്ക് വിധേയരാക്കുക.
ഇവരിലെ 95ശതമാനം ആളുകളിലും വൈറസ് നിയന്ത്രണ വിധേയമാക്കുക എന്നതാണ് മൂന്നാമത്തെ 95.അവകാശങ്ങളുടെ പാത സ്വീകരിക്കൂ എന്നതാണ് ഈ വർഷത്തെ ലോക എയ്ഡ്സ് ദിന സന്ദേശം.
ലോകത്ത് എയ്ഡ്സ് രോഗികൾ..................................3.9 കോടി
രാജ്യത്ത് 2023വരെ ................................................................. 25.44 ലക്ഷം
രാജ്യത്തെ പുതിയ രോഗികൾ 2023ൽ ................................ 68,451
കേരളത്തിൽ 2023-2024സാമ്പത്തിക വർഷം......................1263
എച്ച്.ഐ.വി. സാന്ദ്രത
ഇന്ത്യയിൽ...................0.20
കേരളത്തിൽ............. 0.07
ഒറ്റയ്ക്കല്ല ഒപ്പമുണ്ട്.....
എച്ച്.ഐ.വി ബാധിതർക്ക് കൗൺസിലിംഗിനും പരിശോധനയ്ക്കുമായി സംസ്ഥാനത്ത് 793 ജ്യോതിസ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. എല്ലാ മെഡിക്കൽ കോളേജുകളിലും കണ്ണൂർ, കൊല്ലം ജില്ലാ ആശുപത്രികളിലും മാനന്തവാടി, കാസർകോട്, എറണാകുളം ജനറൽ ആശുപത്രികളിലുമായി 15 ഉഷസ് കേന്ദ്രങ്ങളുമുണ്ട്. ലൈംഗികജന്യ രോഗങ്ങൾക്കുള്ള ചികിത്സ സൗജന്യമായി ലഭ്യമാക്കുന്നതിന് 23 പുലരി കേന്ദ്രങ്ങളും എച്ച്.ഐ.വി അണുബാധാ സാദ്ധ്യത കൂടുതലുള്ള വിഭാഗങ്ങൾക്കിടയിൽ എച്ച്.ഐ.വി പ്രതിരോധ പ്രവർത്തനങ്ങൾക്കായി എല്ലാ ജില്ലകളിലുമായി 64 സുരക്ഷാ പദ്ധതികളും പ്രവർത്തിക്കുന്നുണ്ട്.
ജനിതക വൈകല്യം കണ്ടെത്തുന്നതിൽ
വീഴ്ച : സ്കാനിംഗ് സെന്ററുകൾ പൂട്ടിച്ചു
ആലപ്പുഴ: നവജാതശിശുവിന്റെ അസാധാരണ വൈകല്യങ്ങൾ ഗർഭാവസ്ഥയിൽ കണ്ടെത്തുന്നതിൽ വീഴ്ചയുണ്ടായ സംഭവത്തിൽ ആലപ്പുഴ നഗരത്തിലെ രണ്ട് സ്കാനിംഗ് സെന്ററുകൾ ആരോഗ്യവകുപ്പ് പൂട്ടി സീൽ ചെയ്തു. ഇവയുടെ ലൈസൻസും റദ്ദാക്കി.
സ്കാനിംഗിന്റെ റെക്കാഡുകൾ രണ്ടുവർഷം സൂക്ഷിക്കണമെന്ന നിബന്ധന സ്ഥാപനങ്ങൾ പാലിച്ചില്ലെന്നും കണ്ടെത്തി. മന്ത്രി വീണാ ജോർജിന്റെ നിർദ്ദേശ പ്രകാരം ആരോഗ്യവകുപ്പിലെ വിദഗ്ദ്ധസംഘം നടത്തിയ പരിശോധനയിലാണ് റെക്കാഡുകൾ സൂക്ഷിച്ചിട്ടില്ലെന്ന് വ്യക്തമായത്. അന്വേഷണത്തിന്റെ ഭാഗമായി കുട്ടിയുടെ പിതാവ് അനീഷ് എം.മുഹമ്മദിന്റെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചത് മുതൽ പ്രസവംവരെയുള്ള ചികിത്സയുടെ വിശദാംശങ്ങൾ ആലപ്പുഴ ഡിവൈ.എസ്.പി മധുബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശേഖരിച്ചു.
അനീഷിന്റെ മൊഴി എഫ്.ഐ.ആർ രേഖകളോടൊപ്പം കോടതിയിൽ സമർപ്പിച്ചശേഷം നാളെയോടെ പൊലീസിന്റെ വിശദമായ അന്വേഷണമുണ്ടാകുമെന്നാണ് വിവരം. തുടർചികിത്സ സർക്കാർ ഏറ്റെടുത്തതിന്റെ ഭാഗമായി നാളെയും മറ്റന്നാളും കുട്ടിക്ക് ആലപ്പുഴ മെഡിക്കൽ കോളേജിൽ സ്കാനിംഗ് നടത്തും. ഇതിന് ശേഷമായിരിക്കും വൈകല്യങ്ങൾ ലഘൂകരിക്കാനുള്ള തെറാപ്പി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തീരുമാനമെടുക്കുക.