
തിരുവനന്തപുരം: പുതിയ വൈദ്യുതി താരിഫ് നാളെ (തിങ്കൾ) സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ പ്രഖ്യാപിക്കും. യൂണിറ്റിന് ശരാശരി 34 പൈസയെങ്കിലും
കൂട്ടണമെന്നാണ് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടത്. ഇതു നിലവിലെ നിരക്കിൽ നിന്ന് ശരാശരി എട്ടുശതമാനം വർദ്ധനയാണ്. അതേപടി അംഗീകരിക്കാൻ സാദ്ധ്യതയില്ല.
പൊതുതെളിവെടുപ്പും വിദഗ്ധരുമായി കൂടിയാലോചിച്ചും സുതാര്യമായാണ് നിരക്ക് വർദ്ധന നടപടികൾ കമ്മിഷൻ പൂർത്തിയാക്കിയത്.
ഡിസംബർ ഒന്നുമുതൽ നിലവിൽ വരും.
ജനുവരി മുതൽ മേയ് വരെ യൂണിറ്റിന് 10 പൈസ വീതം വേനൽക്കാല അധിക താരിഫ് ഈടാക്കണമെന്ന പുതിയ നിർദ്ദേശവും കെ.എസ്.ഇ.ബി.മുന്നോട്ടുവച്ചിട്ടുണ്ട്.
മാസത്തിൽ 1950 കോടിയുടെ വരവും 1750കോടി ചെലവുമുണ്ടെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്ക്.പുറമേനിന്ന് വൈദ്യുതി വാങ്ങാൻ മാത്രം 900 കോടിവേണം.വായ്പാ തിരിച്ചടവിന് 300കോടിയും കണ്ടെത്തണം.പ്രതിവർഷം രണ്ടായിരം കോടിയിലേറെ രൂപയുടെ നഷ്ടം നേരിടുമെന്നാണ് ബോർഡ് പറയുന്നത്.
എന്നാൽ, ഈ വർഷം 1370.09കോടിയുടേയും അടുത്ത വർഷം 1108.03കോടിയുടേയും 2026-27ൽ 1065.95കോടിയുടേയും നഷ്ടമുണ്ടാകുമെന്നാണ് റെഗുലേറ്ററി കമ്മിഷന്റെ കണക്കുകൂട്ടൽ.ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും താരിഫ് പരിഷ്ക്കരണം.
കെ.എസ്.ഇ.ബി. പറയുന്നതുപോലെ നിരക്ക് കൂട്ടിയാൽ ഈ വർഷം 812.16കോടിയും അടുത്തവർഷം 1399.93കോടിയും 2026-27ൽ 1522.92കോടിയും കൂടുതൽ വരുമാനമുണ്ടാകും. വേനൽക്കാല താരിഫ് കൂടി അംഗീകരിച്ചാൽ ഈ വർഷം 111.08കോടിയും അടുത്ത വർഷം 233കോടിയും 2026-27ൽ 349കോടിയും അധിക വരുമാനം കിട്ടും.
രണ്ടാം പിണറായി വിജയൻസർക്കാർ 2022 ജൂൺ 26നും 2023 നവംബർ ഒന്നിനും നിരക്ക് വർദ്ധന നടപ്പാക്കിയിരുന്നു. 10 പൈസ മുതൽ 90 പൈസ വരെയാണ് വർധിപ്പിച്ചത്.
ഒക്ടോബർ 30ന് അവസാനിച്ച നിലവിലെ താരിഫിന്റെ കാലാവധി നവംബർ 30വരെ നീട്ടിയിരുന്നു.
വീടുകളിൽ കെ.എസ്.ഇ.ബി
ആവശ്യപ്പെടുന്ന വർദ്ധന
(സ്ലാബ് യൂണിറ്റ്, നിലവിലെ നിരക്ക്, ആവശ്യപ്പെട്ട
വർദ്ധന എന്ന ക്രമത്തിൽ)
0-50 ..................3.25............ 3.35
51-100...............4.05.............4.25
101-150.............5.10.............5.30
151-200.............6.95.............7.20
201-250............8.20..............8.50
കൂടുതൽ ഉപയോഗിക്കുന്നവർ
0-300.......................6.40................6.70
0-350........................7.25................7.55
0-400.......................7.60.................7.90
0-500.......................7.90..................8.20
500നു മുകളിൽ....8.80..................9.10