തിരുവനന്തപുരം: വലിയതുറയിൽ കടലാക്രമണ ഭീഷണി നേരിടുന്ന കുടുംബങ്ങളുടെ പുനരധിവാസത്തിനുള്ള പുനർഗേഹം പദ്ധതിക്കുള്ള ഭരണാനുമതി മത്സ്യബന്ധന വകുപ്പ് നൽകിയതായി ആന്റണി രാജു എം.എൽ.എ അറിയിച്ചു.
വലിയതുറയിൽ എഫ്.സി.ഐ ഗോഡൗണിന് സമീപം 24 ഫ്ളാറ്റുകൾ നിർമ്മിക്കുന്നതിന് 5.74 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. സെന്റ് ആന്റണീസ് കോൺവെന്റ് സ്‌കൂൾ അധികൃതർ കൈ മാറിയ 36 സെന്റ് ഭൂമിയിലാണ് ഫ്ളാറ്റുകൾ നിർമ്മിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം നടപ്പിലാക്കുന്നതിന്റെ ഭാഗമായി 24 ഫ്ളാറ്റുകൾ നിർമ്മിക്കുന്നതിന് തീരദേശ വികസന കോർപറേഷൻ സർക്കാരിന് സമർപ്പിച്ച 5.74 കോടി രൂപയുടെ എസ്റ്റിമേറ്റിനാണ് ഫിഷറീസ് വകുപ്പ് ഭരണാനുമതി നൽകിയതെന്ന് എം.എൽ.എ അറിയിച്ചു. നിർമ്മാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ തീരദേശ വികസന കോർപറേഷന് നിർദ്ദേശം നൽകിയതായും എം.എൽ.എ അറിയിച്ചു.
പൂന്തുറയിൽ റാമ്പിനും പടിക്കെട്ടിനും 21 ലക്ഷം
പൂന്തുറ ചേരിയമുട്ടം ഭാഗത്ത് മത്സ്യ ബന്ധനോപകരണങ്ങൾ കടലിലേക്ക് ഇറക്കുന്നതിന് കടൽത്തീരത്ത് റാമ്പും പടിക്കെട്ടും നിർമ്മിക്കുന്നതിന് 20.9 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി. ആന്റണി രാജു എം.എൽ.എ യുടെ ആസ്തി വികസന
ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. ആറു മാസത്തിനകം പദ്ധതി പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പ് വിഭാഗത്തെ ചുമതലപ്പെടുത്തിയതായും എം.എൽ.എ അറിയിച്ചു.