തിരുവനന്തപുരം: ജീവനക്കാർ കൂട്ട അവധിയെടുത്ത് പ്രതിഷേധിച്ചതോടെ കഴിഞ്ഞ ദിവസം പ്രവർത്തനം മുടങ്ങിയ കടകംപള്ളി വില്ലേജ് ഓഫീസ് രണ്ടാം ദിവസവും തുറന്നുപ്രവർത്തിച്ചില്ല. വില്ലേജ് ഓഫീസിലെ അഴിമതിക്കാരായ ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സി.പി.എം നടത്തിയ ഉപരോധസമരത്തെ തുടർന്നാണ് ഇന്നലെയും ഓഫീസ് പ്രവർത്തനം മുടങ്ങിയത്. ഇതോടെ തുടർച്ചയായ രണ്ടാം ദിവസവും ആവശ്യക്കാർ നിരാശരായി മടങ്ങി.
കഴിഞ്ഞ ദിവസം അവധിയെടുത്ത് പ്രതിഷേധിച്ച ജീവനക്കാർ ഇന്നലെ എത്തിയെങ്കിലും സമരക്കാർ ഇവരെ ഓഫീസിലേക്ക് കടത്തിവിട്ടില്ല. ഇതോടെ വില്ലേജ് ഓഫീസ് തുറക്കാൻപോലും കഴിഞ്ഞില്ല. ഒടുവിൽ ഉച്ചയോടെ തഹസീൽദാർ എത്തിയാണ് ഓഫീസ് തുറന്നത്. കൂട്ടഅവധിയെടുത്ത ജീവനക്കാർക്കെതിരെ നടപടിയെടുക്കാതെ ഓഫീസ് പ്രവർത്തനം തുടരാൻ അനുവദിക്കില്ലെന്ന് സമരക്കാർ തഹസിൽദാരെ അറിയിച്ചു. സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് കളക്ടർക്ക് കൈമാറുമെന്ന തഹസിൽദാരുടെ വാഗ്ദാനത്തെ തുടർന്ന് ഉച്ചയ്ക്ക് 1ഓടെ സമരം അവസാനിപ്പിച്ചു. തഹസീൽദാരുടെ നിർദ്ദേശത്തെ തുടർന്ന് സമീപത്തെ വില്ലേജ് ഓഫീസിൽ നിന്നും പകരമെത്തിയ ജീവനക്കാരനായിരുന്നു വൈകിട്ട് 5 വരെ ഓഫീസിൽ ഉണ്ടായിരുന്നത്. എന്നാൽ കരം സ്വീകരിക്കുന്നതടക്കമുള്ള യാതൊന്നും നടന്നില്ല.
സി.പി.എം നേതാക്കൾക്കെതിരെ ആരോപണം ഉന്നയിച്ചായിരുന്നു വെള്ളിയാഴ്ച ജീവനക്കാരുടെ കൂട്ടഅവധി. വ്യാഴാഴ്ച വൈകിട്ട് 5ഓടെ വില്ലേജ് ഓഫീസിലെത്തിയ ചിലർ ജീവനക്കാരെ കൈയേറ്റം ചെയ്‌തെന്നായിരുന്നു ആരോപണം. ഇതോടെ കൗൺസിലർ ഡി.ജി. കുമാരന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം ബി.ജെ.പി പ്രവർത്തകർ വില്ലേജ് ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തിയിരുന്നു.
അഴിമതിയുടെ പഴയ ഭൂതം വീണ്ടും: കെ.ശ്രീകുമാർ
വിവാദമായ ഭൂമി തട്ടിപ്പിന്റെ ഭൂതം ഇപ്പോഴും കടകംപള്ളി വില്ലേജ് ഓഫീസിനെ പിന്തുടരുകയാണെന്നും അഴിമതിക്കാരായ ജീവനക്കാരാണ് വില്ലേജ് ഓഫീസിൽ ഇപ്പോഴുള്ളതെന്നും സി.പി.എം വഞ്ചിയൂർ ഏരിയാ സെക്രട്ടറി കെ.ശ്രീകുമാർ പറഞ്ഞു. സി.പി.എം നടത്തിയ ഉപരോധസമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറിയ ആവശ്യങ്ങൾക്ക് എത്തുന്നവരെ ദിവസങ്ങളോളം ഓഫീസിൽ കയറ്റിയിറക്കുന്ന ശീലമാണ് ജീവനക്കാർക്കുള്ളത്. റീസർവേ നടക്കാത്ത വില്ലേജ് ഓഫീസിൽ ഓൺലൈനായി കരം അടയ്ക്കാനും കഴിയാതെ നിരവധി ദിവസം കയറിയിറങ്ങേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.