വർക്കല: മുഖംമൂടിസംഘം വീട്ടമ്മയെ കെട്ടിയിട്ട ശേഷം പണവും സ്വർണവും കവർന്നെന്ന മകന്റെ പരാതി വ്യാജമെന്ന് കണ്ടെത്തി. വർക്കല ടെലിഫോൺ എക്‌സ്‌ചേഞ്ചിനു സമീപം വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് ഈറോഡ് സ്വദേശിയായ ശ്രീനിവാസൻ, മാതാവ് സുമതി എന്നിവർ ചേർന്നാണ് പൊലീസിനെ കബളിപ്പിക്കാൻ ശ്രമിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെ മുഖംമൂടി ധരിച്ച രണ്ടുപേർ ഇവരുടെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറി സുമതിയെ തലയ്ക്കടിച്ച് വീഴ്ത്തിയശേഷം 2.5 ലക്ഷംരൂപ വിലവരുന്ന സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവർന്നതായാണ് ശ്രീനിവാസൻ വർക്കല പൊലീസിൽ പരാതി നൽകിയത്. തുടർന്ന് സുമതി വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരുമെത്തി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ രീതിയിൽ ഒന്നുംതന്നെ കണ്ടെത്താനായില്ല. വീട്ടിനുള്ളിൽ നിന്ന് മറ്റ് വിരലടയാളങ്ങളും ലഭിച്ചില്ല.ആറ്റിങ്ങൽ ഡിവൈ.എസ്.പി മഞ്ചുലാലിന്റെ നേതൃത്വത്തിൽ സമീപത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചതിൽ മറ്റാരുടെയും സാന്നിദ്ധ്യം കണ്ടെത്താനും കഴിഞ്ഞില്ല. സുമതിയുടെയും ശ്രീനിവാസന്റെയും ഭാര്യ ഗായത്രിയുടെയും മൊഴികളിലുള്ള വൈരുദ്ധ്യമാണ് പരാതി വ്യാജമാണെന്ന് പൊലീസിന് സംശയം തോന്നാനിടയാക്കിയത്. വിശദമായ ചോദ്യം ചെയ്യലിൽ കവർച്ച നടന്നിട്ടില്ലെന്നും പരാതി വ്യാജമാണെന്നും അമ്മയും മകനും കുറ്റസമ്മതം നടത്തി. പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതിന് ഇവർക്കെതിരെ കേസെടുത്തു. പ്രതികളെ കർശന ഉപാധികളോടെ താക്കീത് നൽകി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.