
തിരുവനന്തപുരം: സംസ്ഥാനത്ത് പാർട്ടിയെ തകർക്കാൻ ചില ശക്തികൾ നടത്തുന്ന ശ്രമങ്ങളെ ചെറുത്തു തോൽപിക്കുമെന്ന് ബി.ജെ.പി.സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത സംസ്ഥാന തല സംഘടനാപർവ്വം യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഖഫിന്റെ അധിനിവേശത്തിനെതിരെ ബി.ജെ.പി പ്രതിഷേധം തുടരുമെന്നും കൂടാതെ അക്കാര്യത്തിൽ രണ്ട് മുന്നണികളുടേയും ഇരട്ടത്താപ്പ് തുറന്നു കാണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉപതിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ചേലക്കരയിൽ മികച്ച മുന്നേറ്റം നടത്താനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്, സംസ്ഥാന ഉപാദ്ധ്യക്ഷൻമാരായ എ.എൻ. രാധാകൃഷ്ണൻ, ഡോ.കെ.എസ് രാധാകൃഷണൻ, ഉപാദ്ധ്യക്ഷ ശോഭാ സുരേന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശ്, സി. കൃഷ്ണകുമാർ, പി.സുധീർ, സംസ്ഥാന വരണാധികാരി നാരായണൻ നമ്പൂതിരി തുടങ്ങിയവരും സംഘടനാ തിരഞ്ഞെടുപ്പ് വരണാധികാരികളും ജില്ലാഭാരവാഹികളും പങ്കെടുത്തു.