പുൽപള്ളി : വനങ്ങളും വന്യജീവികളും സംരക്ഷിക്കപ്പെടേണ്ടവയാണെന്നും എന്നാൽ അതിനേക്കാൾ ഉപരിയായി മനുഷ്യ ജീവനുകളും താമസിക്കുന്ന സ്ഥലങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ പുൽപള്ളിയിൽ നടന്ന കോർണർ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം ഉണ്ടാകേണ്ടതുണ്ട്. കാർഷിക മേഖലയിലും ഭക്ഷ്യ സംസ്‌കരണ മേഖലയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. വിളകളുടെ വിലകുറഞ്ഞത് കർഷകരെ കാര്യമായി ബാധിച്ചിട്ടുണ്ട്. ക്ഷീരകർഷകർ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. അവർക്ക് പിന്തുണ ആവശ്യമുണ്ട്. വന്യജീവി ആക്രമണങ്ങൾ മൂലം വിളകളും കന്നുകാലികൾക്കും മനുഷ്യർക്കും ജീവൻ നഷ്ടപ്പെടുകയാണ്. ഞാൻ പുൽപ്പള്ളിയിലേക്ക് വരുമ്പോൾ കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട പോളിന്റെ കുടുംബത്തെ സന്ദർശിക്കുകയുണ്ടായി. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ മെഡിക്കൽ കോളേജ് എന്ന ബോർഡ് വെച്ച മാനന്തവാടിയിലെ സർക്കാർ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. എന്നാൽ അവിടുത്തെ വിദഗ്ധ ചികിത്സയുടെ അഭാവം മൂലം അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു. എല്ലാ സൗകര്യങ്ങളുമുള്ള മെഡിക്കൽ കോളേജ് സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവരുടെ മകൾ എന്നോട് പറഞ്ഞു. വയനാട്ടിൽ ഞാൻ സംസാരിക്കുന്നവരിൽ ഭൂരിഭാഗവും മെഡിക്കൽ കോളേജിന്റെ പ്രാധാന്യത്തെ കുറിച്ചാണ് പറയുന്നത്. തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസ വേതനം വളരെ കുറവാണ്. ഇതിൽ വർദ്ധനവ് വരുത്തേണ്ടതുണ്ട്. വിദ്യാഭ്യാസ, ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്ത വയനാട്ടിൽ വലിയ വിഷയമാണ്. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി ആദിവാസി മേഖലകളിൽ മെഡിക്കൽ വാനുകൾ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു. വിനോദസഞ്ചാര മേഖല കൂടുതൽ വികസിപ്പിക്കുന്നതിന് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാകണം. ബൈരകുപ്പ പാലത്തിനുവേണ്ടി 30 വർഷമായി നാട്ടുകാർ കാത്തിരിക്കാൻ തുടങ്ങിയിട്ടെന്നും അത് യാഥാർത്യമാക്കണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.എമാരായ ഐസി ബാലകൃഷ്ണൻ, ടി. സിദ്ദിഖ്, ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ, വർഗീസ് മുരിയങ്കാവിൽ, കെ.എൽ പൗലോസ്, എം.എൻ ഗോപി, എൻ.യു ഉലഹന്നാൻ, പി.ഡി ജോണി, ടി.എസ് ദിലീപ് കുമാർ, സിദ്ദീഖ് തങ്ങൾ പങ്കെടുത്തു.
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പുൽപ്പള്ളി പഴശിരാജ കോളേജിലെത്തിയ പ്രിയങ്ക ഗാന്ധി