മാനന്തവാടി: വയനാട് ലോക് സഭ ഉപതിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് വേണ്ടി ജനവിധി തേടുന്നത് കർഷകരുടെ മനസറിഞ്ഞ് പ്രവർത്തിക്കുന്ന സ്ഥാനാർത്ഥിയാണെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. നിരവധി തവണ എം.എൽ.എയും കാർഷിക കടാശ്വാസ കമ്മിഷൻ അംഗമായും കിസാൻ സഭയിൽ ഉൾപ്പെടെ പ്രവർത്തിച്ച് പരിചയമുള്ളയാളാണ് സത്യൻ മൊകേരിയെന്നും അദ്ദേഹം പറഞ്ഞു. വയനാടുമായി കക്ഷിരാഷ്ട്രിയത്തിന് അതീതമായി ബന്ധപ്പെടുന്ന വ്യക്തിയെയാണ് ഇടതു മുന്നണി രംഗത്ത് ഇറക്കിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ പ്രകൃതിദുരന്തത്തിൽ പ്രധാനമന്ത്രി സ്ഥലം സന്ദർശിച്ചിട്ടു പോലും കേരളത്തിന് അർഹതപ്പെട്ട നഷ്ടപരിഹാരം നൽകാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടില്ല. വിവിധ കാരണങ്ങൾ പറഞ്ഞ് ധനസഹായം നൽകുന്നത് മുടക്കുകയാണെന്നും ഇതിന് കേരളത്തിലെ പ്രതിപക്ഷം സപ്പോർട്ട് ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന വികസനങ്ങൾക്ക് ദുരങ്കം വെയ്ക്കുന്ന സമീപനമാണ് കേരളത്തിലെ പ്രതിപക്ഷം സ്വീകരിക്കുന്നത്. വയനാട് ഉപതിരഞ്ഞെടുപ്പ് കോൺഗ്രസ് വിളിച്ച് വരുത്തിയതാണ്. രാഹുൽ ഗാന്ധി വയനാടിന് വേണ്ടിയൊന്നും ചെയ്തില്ലെന്നും മന്ത്രി കടന്നപ്പള്ളി കുറ്റപ്പെടുത്തി. രാജ്യത്ത് പ്രധാനമാന്ത്രി ഏകാധിപതിയെ പോലെ ഭരണം നടത്തുകയാണന്നും മന്ത്രി പറഞ്ഞു. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി.പി മുരളി, എ.എൻ പ്രഭാകരൻ, വി.കെ. ശശിധരൻ, കെ.പി. ശശികുമാർ, നിഖിൽ പത്മനഭൻ, വി.വി ആന്റണി, ശോഭരാജൻ, വി. ബാലൻ, കെ. സജിവൻ എന്നിവർ പങ്കെടുത്തു. വിവിധ സ്ഥലങ്ങളിൽ മന്ത്രി വോട്ട് അഭ്യർത്ഥിച്ചു.