jhyg
പിണറായി

കൽപ്പറ്റ: തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എൽ.ഡി.എഫ് ക്യാമ്പിന് ആവേശമായി നാളെ മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിലെത്തും. കൽപ്പറ്റയിൽ നടക്കുന്ന റാലിയിലും പൊതുസമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. രാവിലെ പത്തിന് പുതിയ ബസ്റ്റാൻഡ് പരിസരത്തു നിന്നും റാലി ആരംഭിക്കും. എൽ.ഡി.എഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി റാലി നയിക്കും. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആയിരക്കണക്കിന് പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കുമെന്ന് എൽ.ഡി.എഫ്‌ നേതാക്കൾ പറഞ്ഞു. പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും പങ്കെടുക്കുന്ന പരിപാടികൾ ഇല്ലാതെ വലിയ ജനക്കൂട്ടമാണ് എത്തുന്നത്. പ്രചാരണത്തിലും യു.ഡി.എഫ് വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് പ്രചാരണം കൂടുതൽ ശക്തിപ്പെടുത്താൻ എൽ.ഡി.എഫ് തീരുമാനിച്ചത്. നവംബർ ആറു മുതൽ 12 വരെ തുടർച്ചയായി പരിപാടികൾ സംഘടിപ്പിക്കാനാണ് എൽ.ഡി.എഫ് നീക്കം. പാലക്കാട് ഉപതിരഞ്ഞെടുപ്പ് മാറ്റിവച്ചതിനാൽ കൂടുതൽ നേതാക്കൾ വയനാട്ടിലേക്കും ചേലക്കരയിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കും.