kit

തോൽപ്പെട്ടി (വയനാട്): നരിക്കലിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ മില്ലിൽ നിന്ന് വോട്ടർമാർക്ക് വിതരണം ചെയ്യാനെത്തിച്ച കിറ്റുകൾ പിടികൂടി. കോൺഗ്രസ് തിരുനെല്ലി മണ്ഡലം പ്രസിഡന്റ് വേണാട് ശശികുമാറിന്റെ വീടിന് മുന്നിലെ മില്ലിൽ നിന്നാണ് തിരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്വാഡ് 28 ഭക്ഷ്യ കിറ്റുകൾ പിടികൂടിയത്. കിറ്റുകളിൽ രാഹുൽ ഗാന്ധിയുടേയും പ്രിയങ്കയുടേയും മറ്റ് കോൺഗ്രസ് നേതാക്കളുടേയും ചിത്രങ്ങളുമുണ്ട്.

തോൽപ്പെട്ടി ആനക്യാമ്പ് കാട്ടുനായ്ക ഉന്നതിയിൽ കിറ്റ് നൽകിയെന്ന് മനസിലാക്കിയ സി.പി.എം പ്രവർത്തകരാണ് ഫ്ലയിംഗ് സ്‌ക്വാഡിൽ വിവരമറിയിച്ചത്. തുടർന്ന് ഇന്നലെ രാവിലെ 11ന് നടത്തിയ പരിശോധനയിലാണ് കിറ്റുകൾ കണ്ടെത്തിയത്. പലവ്യഞ്ജനങ്ങൾക്ക് പുറമേ വസ്ത്രങ്ങളും കിറ്റിലുണ്ട്. ഫ്ലയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥർ കിറ്റുകൾ കസ്റ്റഡിയിലെടുത്ത് തിരുനെല്ലി പൊലീസിനു കൈമാറി.