 
കൽപ്പറ്റ: ഉരുൾ ദുരിതബാധിതർക്ക് നൽകാനുളള വസ്തുക്കൾ കെട്ടിക്കിടക്കുന്ന റവന്യൂ വകുപ്പിന്റെ കൽപ്പറ്റ കൈനാട്ടിലെ കളക്ഷൻ സെന്റർ യു.ഡി.എഫ് പ്രവർത്തകർ ഉപരോധിച്ചു. ഗോഡൗൺ തുറന്നുകാണണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ മണിക്കൂറുകളോളം ഉപരോധസമരം നടത്തിയെങ്കിലും റവന്യൂ ഉദ്യോഗസ്ഥർ എത്തിയില്ല.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഗോഡൗൺ തുറക്കാനാകില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ റവന്യുവകുപ്പ് ഗുരുതരമായ അനാസ്ഥ കാണിക്കുന്നെന്നും വിഷയത്തിൽ ജില്ലാ കളക്ടർ ഇടപെടണമെന്നും സ്ഥലം സന്ദർശിച്ച ടി. സിദ്ദിഖ് എം.എൽ.എ പറഞ്ഞു. യു.ഡി.എഫ് പ്രവർത്തകരും പൊലീസും തമ്മിൽ വാക്ക് തർക്കവും ഉണ്ടായി. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി. ആലി, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം.പി. നവാസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഗിരീഷ് കൽപ്പറ്റ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗൗതംഗോകുൽദാസ്, നഗരസഭാ ചെയർമാൻ ടി.ജെ. ഐസക് ,ഗോകുൽദാസ് കോട്ടയിൽ, മുസ്തഫ നമ്പൂത്ത്, സി. ശിഹാബ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.