s

കൽപ്പറ്റ: വഖഫ് , മുനമ്പം വിഷയങ്ങളിൽ വിവാദ പ്രസ്താവനയുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. വഖഫ് ആംഗലേയ ഭാഷയിൽ നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതമെന്ന് സുരേഷ് ഗോപി പറഞ്ഞു. എൻ .ഡി .എ സ്ഥാനാർത്ഥി നവ്യ ഹരിദാസിന് വോട്ട് അഭ്യർത്ഥിച്ച് വയനാട്ടിൽ വിവിധ കേന്ദ്രങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ ബോർഡിന്റെ പേര് താൻ പറയില്ലെന്നും ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഭാരതത്തിൽ ഉടനീളം ഇത്തരം പ്രശ്നങ്ങൾ ഉണ്ട്. പലസ്ഥലങ്ങളിലും ആംഗലേയ ഭാഷയിൽ ഇത്തരം ബോർഡുകൾ ഉണ്ട്. അധികം വൈകാതെ ഇത്തരം ബോർഡുകൾ പിഴുതെറിയുന്നത് നിങ്ങൾക്ക് കാണാമെന്നും അദ്ദേഹം പറഞ്ഞു.
അമിത് ഷായുടെ ഓഫീസിൽ നിന്ന് അയച്ച ഒരു വീഡിയോ ഉണ്ട്. അത് ഇവിടെ പ്രചരിപ്പിക്കണമെന്ന് സുരേഷ് ഗോപി പ്രവർത്തകരോട് ആഹ്വാനം ചെയ്തു. ആ വീഡിയോയുടെ ഉള്ളടക്കം എന്താണെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയില്ല. കമ്പളക്കാട്ടെ വേദിയിൽ ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ ബി. ഗോപാലകൃഷ്ണനും വഖഫ് വിഷയത്തിൽ വിവാദ പരാമർശം നടത്തി. പതിനെട്ടാം പടിക്ക് താഴേ ഇരിക്കുന്ന വാവര്, താൻ ഇത് വഖഫിന് കൊടുത്തുവെന്ന് പറഞ്ഞാൽ ശബരിമല വഖഫിന്റെയാകും. അയ്യപ്പൻ ശബരിമലയിൽ നിന്ന് ഇറങ്ങിപോവേണ്ടിവരും. വേളാങ്കണ്ണി പള്ളി ഉൾപ്പെടെ അന്യാധീനപ്പെട്ടു പോകാതെ ഇരിക്കണമെങ്കിൽ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.