a1

മാനന്തവാടി: പിതൃസ്മരണയിൽ പ്രിയങ്ക ഗാന്ധി തിരുനെല്ലി ക്ഷേത്രദർശനം നടത്തി. 1991ൽ പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്തത് തിരുനെല്ലിയിലെ പാപനാശിനിയിലായിരുന്നു. വയനാട്ടിലെത്തുമ്പോഴെല്ലാം രാഹുലും പ്രിയങ്കയും അതേക്കുറിച്ച് ഓർമ്മിക്കാറുണ്ട്. മൂന്നാംവട്ട പ്രചാരണത്തിന് ഇന്നലെ മാനന്തവാടി മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജ് ഗ്രൗണ്ടിൽ വന്നിറങ്ങിയ പ്രിയങ്ക നേരെ തിരുനെല്ലിയിലേക്കാണ് പോയത്. തുടർന്ന് ക്ഷേത്രത്തിന് ചുറ്റും വലംവച്ച് വഴിപാടുകൾ നടത്തി. മേൽശാന്തി നീലിമന ഹെഗ്ഡമന ഇ.എൻ.കൃഷ്ണൻ നമ്പൂതിരി പ്രസാദം നൽകി. എക്സിക്യുട്ടിവ് ഓഫീസർ കെ.വി.നാരായണൻ നമ്പൂതിരി, മാനേജർ പി.കെ.പ്രേമചന്ദ്രൻ, ട്രസ്റ്റി പ്രതിനിധി കൃതിക എന്നിവർ പ്രിയങ്ക ഗാന്ധിയെ സ്വീകരിച്ചു.

2019ൽ തിരുനെല്ലി ദർശനം നടത്തിയായിരുന്നു രാഹുൽഗാന്ധി വയനാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. കോൺഗ്രസ് നേതാക്കളായ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ, ബിന്ദുകൃഷ്ണ, മുൻമന്ത്രി പി.കെ.ജയലക്ഷ്മി എന്നിവരും പ്രിയങ്കയോടൊപ്പമുണ്ടായിരുന്നു.