
കൽപ്പറ്റ/തൃശൂർ: വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും ആവേശക്കൊടുമുടിയേറിയ ഉപതിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് ഇന്ന് വൈകിട്ട് ആറിന് സമാപനം. കലാശക്കൊട്ട് കൊഴുപ്പിക്കാൻ മുന്നണികൾ. നാളെ നിശബ്ദ പ്രചാരണം. ബുധനാഴ്ച വോട്ടെടുപ്പ്. സർവ സന്നാഹങ്ങളുമൊരുക്കി കലാശക്കൊട്ട് ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികൾ. പരമാവധി പ്രവർത്തകരെയും നേതാക്കളെയും എത്തിച്ച് ശക്തിപ്രകടനത്തിനുള്ള വേദിയാക്കി മാറ്റും.
പ്രിയങ്കാഗാന്ധിയുടെ കന്നി മത്സരത്തിലൂടെ ദേശീയ ശ്രദ്ധയാകർഷിച്ച വയനാട്ടിൽ
വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. കലാശക്കൊട്ടിന് പ്രിയങ്കാഗാന്ധിക്കൊപ്പം രാഹുൽഗാന്ധിയും പങ്കെടുക്കും. എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാഗാന്ധി, രാഹുൽഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ,കോൺഗ്രസ് മുഖ്യമന്ത്രിമാരടക്കം പ്രചാരണത്തിനെത്തിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെ ഇറക്കിയാണ് എൽ.ഡി.എഫ് ആവേശം പകർന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എംവി.ഗോവിന്ദൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രിമാർ തുടങ്ങിയവരടക്കം എൽ.ഡി.എഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിക്കു വേണ്ടി പ്രചാരണത്തിനെത്തി. കേന്ദ്രമന്ത്രിമാരായ സുരേഷ്‌ഗോപി,ജോർജ് കുര്യൻ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, പി.കെ.കൃഷ്ണദാസ്, വി.മുരളീധരൻ തുടങ്ങിയ നേതാക്കളടക്കം എൻ.ഡി.എ സ്ഥാനാർത്ഥി നവ്യാ ഹരിദാസിനുവേണ്ടി രംഗത്തിറങ്ങി.
ചേലക്കരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യാഹരിദാസിനുവേണ്ടി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ.പ്രദീപിനായി മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടുദിവസം പ്രചാരണത്തിനെത്തിയിരുന്നു. പ്രചാരണ സമാപനത്തിൽ മുൻനിര നേതാക്കളടക്കം പങ്കെടുക്കും.എൻ.ഡി.എ സ്ഥാനാർത്ഥി കെ.ബാലകൃഷ്ണനായി കെ.സുരേന്ദ്രൻ, പി.കെ.കൃഷ്ണദാസ്, തുഷാർ വെള്ളാപ്പള്ളി, ശോഭ സുരേന്ദ്രൻ തുടങ്ങിയവരടക്കം
എത്തിയിരുന്നു. ഇന്നും പ്രധാനനേതാക്കളടക്കം എത്തും.
ചൂടേറിയ പ്രചാരണ വിഷയങ്ങൾ
പ്രാദേശിക പ്രശ്നങ്ങൾക്കൊപ്പം ദേശീയ, സംസ്ഥാന രാഷ്ട്രീയ വിഷയങ്ങളും പ്രചാരണത്തിന് ചൂടു പകർന്നു. തൃശൂർപൂരം കലക്കൽ, പാലക്കാട്ടെ ട്രോളി ബാഗ് വിവാദം, പി.പി. ദിവ്യക്കേസ്, കൊടകര കുഴൽപ്പണക്കേസ് തുടങ്ങിയവയെല്ലാം ചേലക്കരയിലും വയനാട്ടിലും ചർച്ചാവിഷയമായി. വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള കേന്ദ്രസഹായം വൈകുന്നത് എൽ.ഡി.എഫും യു.ഡി.എഫും പ്രചാരണവിഷയമാക്കി. എൻ.ഡി.എ അതിനെ പ്രതിരോധിച്ചു. ദുരന്തബാധിതർക്ക് നൽകിയ ഭക്ഷ്യക്കിറ്റിൽ പുഴുവരിച്ച അരി ഉൾപ്പെടെ കണ്ടെത്തിയത് ഏറ്റവുമൊടുവിൽ പ്രധാന വിഷയമായി.
.