
കൽപ്പറ്റ: വയനാട്ടിലെ ജനങ്ങൾ കളങ്കമില്ലാത്ത സ്‌നേഹം നൽകാൻ തുടങ്ങിയപ്പോൾ തന്റെ രാഷ്ട്രീയ വീക്ഷണം മാറിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ വയനാട് മണ്ഡലത്തിലെ സുൽത്താൻ ബത്തേരിയിലും തിരുവമ്പാടിയിലും നടന്ന റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഐ ലവ് യു വയനാട്" എന്നെഴുതിയ വെള്ള ടീഷർട്ട് ധരിച്ചായിരുന്നു രാഹുൽ ഗാന്ധി എത്തിയത്. വയനാടിനോടും തന്റെ സഹോദരിയോടുമുള്ള സ്‌നേഹത്തെക്കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു തുടക്കം.'വയനാടിന് എന്റെ കുഞ്ഞനുജത്തിയെ നൽകുകയാണ്". പ്രിയങ്ക ഗാന്ധിക്ക് ചുംബനം നൽകിക്കൊണ്ട് ഇത് പറഞ്ഞപ്പോൾ നീണ്ട കരഘോഷം. വയനാട്ടിൽ വന്നതിന് ശേഷമാണ് ഞാൻ ആദ്യമായി രാഷ്ട്രീയത്തിൽ സ്‌നേഹമെന്നവാക്ക് ഉപയോഗിക്കാൻ തുടങ്ങിയത്. ദേഷ്യത്തെയും വിദ്വേഷത്തേയും മറികടക്കാൻ ഒരേയൊരു മാർഗം സ്‌നേഹമാണെന്ന് തിരിച്ചറിഞ്ഞു. അതു കൊണ്ടാണ് ഞാൻ ഈ ടീഷർട്ട് ധരിച്ചത്. വയനാട്ടുകാർ എന്റെ ഹൃദയത്തിൽ വലിയ ഇടമാണ് നേടിയിട്ടുള്ളത്. അത് രാഷ്ട്രീയത്തിനപ്പുറമാണ്- രാഹുൽ പറഞ്ഞു.
ഇന്ത്യൻ പാർലമെന്റിൽ വയനാടിനെ പ്രതിനിധാനം ചെയ്യാൻ കഴിയുന്നത് വലിയ ആദരവായി കാണുന്നുവെന്ന് പ്രിയങ്ക ഗാന്ധി സുൽത്താൻ ബത്തേരിയിൽ പറഞ്ഞു. ഞാൻ നിങ്ങൾക്ക് വേണ്ടി കഠിനാധ്വാനം ചെയ്യും. ഏറ്റവും ബുദ്ധിമുട്ട് നേരിട്ട സമയത്ത് നിങ്ങൾ എന്റെ സഹോദരന് നൽകിയ സ്‌നേഹത്തിന് ഞാനെപ്പോഴും കടപ്പെട്ടിരിക്കും. നിങ്ങളുടെ ജീവിത രീതിയെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും കുറെ കാര്യങ്ങൾ പഠിച്ചു- പ്രിയങ്ക പറഞ്ഞു.
എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, ദീപാ ദാസ് മുൻഷി, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി അനിൽ കുമാർ എം.എൽ.എ, ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.എമാരായ ഐ.സി ബാലകൃഷ്ണൻ, ടി. സിദ്ദീഖ്, പി.സി. വിഷ്ണുനാഥ്, ഡി.സി.സി പ്രസിഡന്റ് എൻ.ഡി, അപ്പച്ചൻ തുടങ്ങിയവർ പങ്കെടുത്തു.