
കൽപ്പറ്റ: മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നം കീറാമുട്ടിയായി നിലനിൽക്കേ, വയനാട്ടിലെ അഞ്ചു കുടുംബങ്ങൾക്ക് വഖഫ് നോട്ടീസ്. വഖഫ് സ്വത്തായ 5.77 ഏക്കറിൽ 4.7 ഏക്കർ കൈയേറിയെന്നാണ് ആരോപണം. ഭൂമി തിരിച്ചുപിടിക്കുന്നതിന് വഖഫ് ആക്ട് പ്രകാരം നടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ പറയുന്നു.വഖഫ് ബോർഡിന്റേതായി
തലപ്പുഴ ഹയാത്തുൽ ഇസ്ളാം ജുമാ അത്ത് പളളിയിൽ നിന്നാണ് കത്ത് ലഭിച്ചത്.ജുമാ അത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി അൻവറും ഭാരവാഹികളുമാണ് ഒക്ടോബർ 10ന് വഖഫ് ബോർഡിന് പരാതിനൽകിയത്.
മാനന്തവാടിക്കടുത്ത് തവിഞ്ഞാലിൽ താമസക്കാരായ കടമേരി പുത്തൻപുരയിൽ പുഷ്പവല്ലി, പുത്തൂർ കെ. മോഹനൻ, വാരിയം പറമ്പിൽ കദീജ, ജമാൽ, കുന്നംകാടൻ, സി.വി.ഹംസ ഫൈസി എന്നിവർക്കാണ് നോട്ടീസ് ലഭിച്ചത്. സ്ഥലവുമായി ബന്ധപ്പെട്ട രേഖകളുണ്ടെങ്കിൽ ഈ മാസം 16നുള്ളിൽ ഹാജരാക്കാനാണ് നിർദ്ദേശം. 19ന് ഹാജരാകാനും നിർദ്ദേശം നൽകി.
സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് വയനാട്ടിൽ നിന്നുള്ള മന്ത്രി ഒ. ആർ.കേളുവിന് അഞ്ചു കുടുംബങ്ങളും നിവേദനം നൽകി.1976ൽ പട്ടയം ലഭിച്ച ഭൂമിയിൽ നിന്നാണ് സ്ഥലം വില കൊടുത്ത് വാങ്ങി രജിസ്റ്റർ ചെയ്തതെന്നും കരം അടച്ചുവരുകയാണെന്നും നിവേദനത്തിൽ വ്യക്തമാക്കി.
വഖഫിനെതിരെ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബി.ജെ.പി ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസ് അറിയിച്ചു.
ശാശ്വത പരിഹാരം വരെ സമരം
വൈപ്പിൻ: ഉപതിരഞ്ഞെടുപ്പുകൾക്കു ശേഷം മുനമ്പത്തെ വഖഫ് ഭൂമി പ്രശ്‌നം ശാശ്വതമായി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു നൽകിയതായി ഭൂസംരക്ഷണ സമിതി അറിയിച്ചു.
റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതുവരെ സമാധാനപരമായി സമരം തുടരുമെന്ന് ജോസഫ് റോക്കി അറിയിച്ചു. എറണാകുളം ഗസ്റ്റ് ഹൗസിൽ കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ നേതൃത്വത്തിൽ സമിതി ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്. ഉന്നതതല യോഗം നവംബർ 22ലേക്ക് മാറ്റി.