എൽ.ഡി.എഫിൽ വീഡിയോ വിവാദം കത്തുന്നു

കൽപ്പറ്റ: തിരഞ്ഞെടുപ്പിന്റെ തലേന്നാൾ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തുന്ന സി.പി.ഐ. ജില്ലാ സെക്രട്ടറി ഇ.ജെ. ബാബുവിന്റെ പ്രസംഗം പുറത്തായി. സി.പി.ഐ കുടുംബയോഗത്തിൽ പ്രസംഗിക്കുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നത്. ഭരണത്തിൽ ജനങ്ങൾ തൃപ്തരല്ല. അത് നമുക്കറിയാം. തിരുത്തൽ ശക്തിയായി നമ്മൾ പ്രവർത്തിച്ചിട്ടുണ്ട്. ഈ പോക്ക് ശരിയല്ലെന്ന് പാർട്ടി നേരത്തെ പറഞ്ഞിട്ടുണ്ട്. ഇനിയും അത് തുടരണം. മാവോയിസ്റ്റുകളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഉൾപ്പെടെ സി.പി.ഐ തിരുത്തൽ ശക്തിയായിട്ടുണ്ട്. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പിന് പല തെറ്റുകളും പറ്റുന്നുണ്ടെന്നും ഇ.ജെ ബാബു പ്രസംഗിക്കുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നത്. എപ്പോൾ നടത്തിയ പ്രസംഗമാണെന്ന് വ്യക്തമല്ല. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന്റെ തൊട്ടു തലേന്നാൾ വീഡിയോ പുറത്തുവന്നതും ശ്രദ്ധേയമാണ്. അതേസമയം തിരഞ്ഞെടുപ്പ് സമയത്ത് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തിയതിൽ സി.പി.എമ്മിന് അതൃപ്തിയുണ്ടെന്നാണ് സൂചന. സർക്കാരിനെ കുറ്റപ്പെടുത്തുന്ന പ്രതിപക്ഷത്തിന് ഇത് ആയുധമാകും. ഏതു സാഹചര്യത്തിലാണ് ഇത്തരം ഒരു പ്രസംഗം നടത്തിയതെന്നും സി.പി.എം പരിശോധിക്കുന്നുണ്ട്. അതേസമയം വീഡിയോ പുറത്തുവന്നത് സി.പി.ഐക്ക് ഉള്ളിലെ വിഭാഗീയതയുടെ ഭാഗമാണോ എന്നും സംശയിക്കുന്നുണ്ട്.


പ്രസംഗം വളച്ചൊടിച്ചെന്ന് ഇ.ജെ ബാബു

കൽപ്പറ്റ: തന്റെ പേരിൽ പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിൽ യു.ഡി.എഫ് എന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ഇ.ജെ ബാബു ആരോപിച്ചു. ഒരു വർഷം മുൻപ് നടത്തിയ പ്രസംഗം വളച്ചൊടിച്ചാണ് പ്രചരിപ്പിക്കുന്നത്. പരാജയ ഭീതി മൂലം യു.ഡി.എഫ് സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. ചില മാദ്ധ്യമങ്ങളും തെറ്റായ രീതിയിലാണ് പ്രചാരണം നടത്തുന്നത്. കഴിഞ്ഞദിവസം താൻ പ്രസംഗിച്ച രൂപത്തിലാണ് ചില മാദ്ധ്യമങ്ങൾ കാണിക്കുന്നത്. പ്രസംഗത്തിലെ വാക്കുകൾ സംസ്ഥാന സർക്കാരിനെ ഉദ്ദേശിച്ചല്ല. കേന്ദ്രത്തിന്റെ അവഗണന പറഞ്ഞു വന്നപ്പോൾ ചില ഭാഗം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.