election

കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തം നടന്ന മണ്ണിൽ ഉപതിരഞ്ഞെടുപ്പെത്തിയത് വോട്ടർമാർക്ക് ഉൾക്കൊള്ളാനായില്ല. അടിച്ചേൽപ്പിക്കപ്പെട്ട തിരഞ്ഞെടുപ്പ് എന്ന് പലർക്കുമുണ്ടായ വികാരം. അടിസ്ഥാന പ്രശ്നങ്ങൾ മറന്ന് രാഷ്ട്രീയം പ്രധാനചർച്ചയിലേക്ക് വന്നതിന്റെ നിസംഗത. പഠനത്തിനും തൊഴിലിനുമായി വിദേശത്തടക്കംപോയ യുവാക്കൾ വോട്ടിംഗിന് എത്താത്തത്.. വയനാട്ടിൽ പോളിംഗ് ശതമാനം കുറഞ്ഞതിന്റെ കാരണങ്ങൾ തേടുകയാണ് മുന്നണികൾ.

പോളിംഗിലെ കുറവ് മൂന്നു മുന്നണികളുടേയും ഉറക്കം കെടുത്തുന്നു. എന്നാൽ, പ്രിയങ്കഗാന്ധിയുടെ ഭൂരിപക്ഷത്തിൽ അത് കുറവ് വരുത്തില്ലെന്ന് കോൺഗ്രസും നേട്ടം തങ്ങൾക്കാകുമെന്ന് എൽ.ഡി.എഫും എൻ.ഡി.എയേയും പറയുന്നു. ചെയ്യാതെ പോയതിൽ കൂടുതലും എതിർചേരികളുടെ വോട്ടാണെന്ന് ആശ്വാസം കൊള്ളുകയാണ് മുന്നണി നേതാക്കൾ.

കേന്ദ്ര സഹായമടക്കം വൈകുന്നത് പ്രചാരണത്തിൽ ഉയർന്നുവന്നെങ്കിലും ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ യഥാർത്ഥ പ്രശ്നങ്ങളിൽ ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ കഴിഞ്ഞില്ലെന്ന വിമർശനമുണ്ട്. കർണാടകയിലെ ഇഞ്ചിപ്പാടങ്ങളിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് തൊഴിലാളികളെയടക്കം നാട്ടിലെത്തിക്കാൻ കാര്യമായ ശ്രമങ്ങളുണ്ടായില്ലെന്നും വിലയിരുത്തലുണ്ട്.

വിലയിരുത്തൽ പലവിധം

1.പ്രിയങ്കഗാന്ധിക്ക് അഞ്ചുലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് പ്രചാരണ തന്ത്രങ്ങൾ ആവിഷ്കരിച്ചത്. അതേസമയം, രാഹുൽഗാന്ധി മണ്ഡലം ഒഴിഞ്ഞതോടെ ഉപതിരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കപ്പെട്ടതാണെന്ന എതിരാളികളുടെ പ്രചാരണം പോളിംഗിനെ ബാധിച്ചോ എന്നതിൽ ആശങ്കയുണ്ട്

2.സി.പി.എം അവരുടെ ഏരിയാ സമ്മേളനങ്ങൾ പോലും മാറ്റിവച്ചാണ് സജീവ പ്രചാരണത്തിനിറങ്ങിയത്. എന്നാൽ, സി.പി.ഐയുടെ പല നടപടികളോടും സി.പി.എമ്മിന് യോജിക്കാനാകാത്തത് തിരിച്ചടിയായോ എന്ന് കരുതുന്നവരുണ്ട്. സി.പി.എമ്മിനെതിരെ പരസ്യമായി സി.പി.ഐ രംഗത്തുവന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സർക്കാരിനെ സി.പി.ഐ ജില്ലാ സെക്രട്ടറി ഇ.ജെ.ബാബു കുടുംബയോഗത്തിൽ വിമർശിക്കുന്നതിന്റെ വീഡിയോ തിരഞ്ഞെടുപ്പിന്റെ തലേന്ന് പ്രചരിച്ചിരുന്നു

3.മണ്ഡലം ഇളക്കിയുളള പ്രചാരണമാണ് എൻ.ഡി.എ നടത്തിയത്. അതേസമയം, കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യൻ,സുരേഷ് ഗോപി തുടങ്ങിയ നേതാക്കളൊഴികെ ദേശീയ നേതാക്കളാരും പ്രചാരണത്തിനെത്തിയില്ലെന്ന പരാതി ഉയരുന്നുണ്ട്

14,71,742
ആകെ വോട്ടർമാർ

9,52,543

പോൾ ചെയ്ത വോട്ടുകൾ