s

കൽപ്പറ്റ: ഉരുൾ തകർത്ത ജീവിതവുമായി വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന ദുരിത ബാധിതർക്ക് വേണ്ടത് അടിയന്തര പുനരധിവാസം. മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റിലും കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ എൽസ്റ്റോൺ എസ്റ്റേറ്റിലുമായാണ് ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാൻ തീരുമാനം. എന്നാൽ ദുരന്തം നടന്ന് നാല് മാസമായിട്ടും ഭൂമി ഏറ്റെടുക്കൽ പോലും എങ്ങുമെത്തിയിട്ടില്ല.

സർക്കാർ പരിഗണിക്കുന്ന ഭൂമിയുടെ കൈവശക്കാർ കോടതിയെ സമീപിച്ചതോടെ ഏറ്റെടുക്കൽ നിയമക്കുരുക്കിലുമാണ്. ഭൂമിയുടെ വില നൽകാതെ പിടിച്ചെടുക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരു മാനേജ്‌മെന്റുകളും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ ഒന്നാം ഘട്ടമായും വാസയോഗ്യമല്ലാത്ത സ്ഥലങ്ങളിൽ ഉൾപ്പെടുന്ന മറ്റു കുടുംബങ്ങളെ രണ്ടാം ഘട്ടമായും പുനരധിവസിപ്പിക്കാനാണ് തീരുമാനം. അതേസമയം,​ വാടകവീടുകളിൽ കഴിയുന്ന ദുരന്തബാധിതർ വലിയ പ്രയാസത്തിലാണ്. സർക്കാർ പ്രഖ്യാപിച്ച വാടക തുക കൃത്യമായി ലഭിക്കുന്നില്ല. വാടക മുടങ്ങുന്നത് തുടർന്നാൽ കെട്ടിടം ഒഴിഞ്ഞുനൽകാൻ ഉടമകൾ ആവശ്യപ്പെടും.