tovino
ടൊവിനോ തോമസ് തൊളളായിരം കണ്ടിയിൽ

കൽപ്പറ്റ: ഉരുൾ ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ വയനാട് വയനാടൻ ടൂറിസം അതിജീവന പാതയിലാണ്. മേപ്പാടി പഞ്ചായത്തിലെ മൂന്ന് വാർഡുകളിലുണ്ടായ ഉരുൾ ദുരന്തം പക്ഷേ, വയനാടിനെയാകെ ബാധിച്ചു. ഒളിഞ്ഞും തെളിഞ്ഞും ഭീതി പടർത്തിയതോടെ സഞ്ചാരികൾ പിന്നോട്ടടിച്ചു. 2313 ചതുരശ്ര കിലോ മീറ്ററിൽ വ്യാപിച്ച് കിടക്കുന്ന വയനാട് ജില്ല തകർന്നു എന്ന നിലയിലായിരുന്നു കേരളത്തിനകത്തും പുറത്തും പ്രചാരണം. വിദേശ സഞ്ചാരികൾ ഉൾപ്പെടെ കൈവിട്ട വയനാടൻ ടൂറിസം മേഖല പതുക്കെ നടുനിവർത്തിവരികയാണ്. പ്രതിസന്ധി പരിഹരിക്കാൻ അക്ഷീണ പരിശ്രമത്തിലാണ് ജില്ലാ ഭരണകൂടം. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിച്ച് വയനാടൻ ജനതയ്ക്ക് ടൂറിസം ഒരു കൈത്താങ്ങായിരുന്നു .

ലോക പ്രസിദ്ധമായ എടക്കൽ ഗുഹയടക്കം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് (ഡി.ടി.പി.സി) കീഴിൽ 11 വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് വയനാട്ടിലുളളത്. ഉരുൾ ദുരന്തത്തിന് ശേഷം എല്ലാം പതുക്കെ ഉണർന്നു കഴിഞ്ഞു. വിദേശത്ത് നിന്നടക്കം വിനോദ സഞ്ചാരികൾ ചുരംകയറിയെത്തുന്നു.

'വിസിറ്റ് വയനാട് ' ക്യാമ്പയിൻ

വയനാട്ടിലെ വിനോദ സഞ്ചാര മേഖലയെ പഴയ പ്രതാപത്തിലേക്കു തിരിച്ചുകൊണ്ടുവരാൻ 'വിസിറ്റ് വയനാട്' എന്ന ഹാഷ് ടാഗിൽ സോഷ്യൽ മീഡിയ പ്രചാരണം ശക്തമാണ്. ടൂറിസം കേന്ദ്രങ്ങളോടനുബന്ധിച്ച് ജോലി ചെയ്തിരുന്ന ഓട്ടോ–ടാക്സി ഡ്രൈവർമാർ, ഗൈഡുകൾ, ചെറുകിട കച്ചവടക്കാർ എന്നിവരെല്ലാം പ്രതീക്ഷയിലാണ്. കുറുവദ്വീപ്, തോൽപെട്ടി വന്യജീവി സങ്കേതം, ബ്രഹ്മഗിരി ട്രക്കിംഗ് കേന്ദ്രം, സൂചിപ്പാറ വെള്ളച്ചാട്ടം, മീൻമുട്ടി വെള്ളച്ചാട്ടം, ചെമ്പ്ര പീക്ക്, മുനീശ്വരൻകുന്ന്, മുത്തങ്ങ വന്യജീവി സങ്കേതം തുടങ്ങി ജില്ലയിലെ ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം തുറന്നു.

വേണം 'സേഫ് വയനാട് ' ക്യാമ്പയിൻ

ചെറു വിഡിയോകളുടെയും സന്ദേശങ്ങളുടെയും സഹായത്തോടെയും സെലിബ്രിറ്റികളുടെ സഹകരണത്തോടെയും സോഷ്യൽ മീഡിയകളിൽ ഉൾപ്പെടെ പ്രചാരണം വേണം. ദുരന്തബാധിതരുടേതുൾപെടെയുള്ള പ്രാദേശിക ബിസിനസുകളെ സർക്കാർ പിന്തുണയ്ക്കണം. പുനരധിവാസത്തിനു സർക്കാർ സഹായം ഉറപ്പാക്കണം. ചൂരൽമല–മുണ്ടക്കൈക്കാരുടെ അതിജീവനം പൂർണതോതിലാകുന്നതിൽ ഇതെല്ലാം നിർണായകം. റിസോർട്ടുകൾ, ഹോംസ്റ്റേകൾ, സർവീസ് വില്ലകൾ,ചെറുതും വലുതുമായ ഹോട്ടലുകൾ,എന്തിനെറെ ഉപ്പിലിട്ടത് വിൽക്കുന്ന പെട്ടിക്കടകൾ, കുടുംബശ്രീ സ്റ്റാളുകൾ, തട്ടുകടകൾ, കരകൗശല ഉത്പന്നങ്ങളുടെ സ്റ്റാളുകൾ, പഴടക്കടകൾ തുടങ്ങിയവയെല്ലാം അതിജീവനം കൊതിക്കുന്നു.