കൽപ്പറ്റ: വയനാട് കമ്പമല തേയിലതോട്ടത്തിലെ വനം വികസന കോർപറേഷൻ ഡിവിഷണൽ മാനേജരുടെ ഓഫീസ് മാവോയിസ്റ്റുകൾ അടിച്ചുതകർത്ത സംഭവത്തിൽ എൻ.ഐ.എ കേസെുടുത്തു. ജില്ലയിലെത്തിയ എൻ.ഐ.എ സംഘം സംഭവ ദിവസം മാവോയിസ്റ്റുകൾ വാട്സ്ആപ്പിലൂടെ പോസ്റ്ററുകളുടെയും മറ്റും ചിത്രങ്ങൾ അയച്ചുകൊടുത്ത മാദ്ധ്യമ പ്രവർത്തകരുടെ മൊഴിയെടുത്തു. 2023 സെപ്തംബർ 28ന് ഉച്ചയ്ക്ക് 12 ഓടെയാണ് കേസിനാസ്പദമായ സംഭവം. ഓഫീസിലെ കംമ്പ്യൂട്ടറുകൾ,മേശകൾ,ജനൽച്ചില്ലുകൾ എന്നിവ അടിച്ചുതകർത്ത മാവോയിസ്റ്റ് സംഘം 20 മിനിറ്റോളം ഡിവിഷണൽ മാനേജരുമായി സംസാരിച്ചു. ഓഫീസ് കെട്ടിടത്തിന്റെ പുറംചുമരിൽ മലയാളത്തിലും തമിഴിലും എഴുതിയ പോസ്റ്ററുകൾ പതിച്ചാണ് മടങ്ങിയത്. ഓഫീസ് ജീവനക്കാരിൽ ഒരാളുടെ ഫോൺ ഉപയോഗപ്പെടുത്തിയാണ് ഏതാനും മാദ്ധ്യമ പ്രവർത്തകർക്ക് വാട്സ്ആപ്പിലൂടെ ചിത്രങ്ങൾ അയച്ചത്. കമ്പമല കെ.എഫ്.ഡി.സി ഓഫീസിലും പരിസരങ്ങളിലും ഒക്ടോബർ ഏഴിന് അന്നത്തെ എ.ഡി.ജി.പി എം.ആർ.അജിത്കുമാർ സന്ദർശനം നടത്തിയിരുന്നു. സമീപകാലത്ത് പലപ്പോഴായി പൊലീസ് പിടിയിലായ മാവോയിസ്റ്റുകൾ ഉൾപ്പെടുന്ന സംഘമാണ് കമ്പമലയിൽ ആക്രമണം നടത്തിയത്.