 
കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തംദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത നടപടിക്കെതിരെ വയനാട്ടിൽ എൽ.ഡി.എഫും യു.ഡി.എഫും പ്രഖ്യാപിച്ച ഹർത്താൽ പൂർണ്ണം. ഹർത്താൽ ജന ജീവിതത്തെ സാരമായി ബാധിച്ചു. ഭൂരിഭാഗം ടൗണുകളിലും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. പലയിടങ്ങളിലും വാഹന യാത്രക്കാരുമായി സമരാനുകൂലികൾ വാക്കു തർക്കമുണ്ടായി. യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികൾ പ്രഖ്യാപിച്ച ഹർത്താലിന് ഐക്യദാർഢ്യവുമായി മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരം രംഗത്തെത്തി. മേപ്പാടിയിൽ ദുരന്തബാധിതരുടെ നേതൃത്വത്തിലായിരുന്നു വാഹനങ്ങൾ തടഞ്ഞത്. ചൂരൽമല മുണ്ടക്കൈയി നിവാസികളായ മുപ്പതോളംപേരാണ് സമരത്തിന് എത്തിയത്. സ്വകാര്യ മെഡിക്കൽ കോളേജിലേക്കുള്ള വാഹനങ്ങളും ആംബുലൻസുകളും സമരക്കാർ കടത്തിവിട്ടു. സംഘർഷം ഒഴിവാക്കാൻ പൊലീസും സ്ഥലത്തുണ്ടായിരുന്നു. സ്വകാര്യബാസുകളും ടാക്സി വാഹനങ്ങളും സർവീസ് നടത്തിയില്ല. ജില്ലയിലെ ഡിപ്പോകളിൽ നിന്നും കെ.എസ്.ആർ.ടി.സി കാര്യമായി സർവീസ് നടത്തിയില്ല. എന്നാൽ മറ്റു ഡിപ്പോകളിൽ സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസുകൾ സമരക്കാർ വിവിധ സ്ഥലങ്ങളിൽ തടഞ്ഞു. കൽപ്പറ്റയിൽ കെ.എസ്.ആർ.ടി.സി ബസുകൾ തടഞ്ഞു തിരിച്ചയച്ചു. കടകംമ്പോളങ്ങൾ പൂർണമായും അടഞ്ഞു കിടന്നു. പെട്ടിക്കടകൾപോലും തുറന്നു പ്രവർത്തിച്ചില്ല. സർക്കാർ ഓഫീസുകളിൽ ഹാജർ നില നന്നെ കുറവായിരുന്നു. കളക്ടറേറ്റിൽ 30 ശതമാനത്തിൽ താഴെ മാത്രമാണ് ജീവനക്കാർ ഹാജരായത്. കൽപ്പറ്റയിൽ തുറന്നു പ്രവർത്തിക്കാൻ ശ്രമിച്ച ബാങ്ക് സമരക്കാർ അടപ്പിച്ചു. ചുങ്കം ജംഗ്ഷനിൽ എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞു. ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ തടഞ്ഞിട്ടതോടെ ടൗണിൽ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. കൽപ്പറ്റയിൽ പാസ്‌പോർട്ട് ക്യാമ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് നിന്നും എത്തിയ പാസ്‌പോർട്ട് സേവയുടെ വാഹനവും സമരക്കാർ തടഞ്ഞു. ചുങ്കം ജംഗ്ഷനിൽ ആയിരുന്നു ആദ്യം ഈ വാഹനം തടഞ്ഞിട്ടത്. പിന്നീട് വാഹനം മുന്നോട്ട് നീങ്ങിയെങ്കിലുംപോസ്റ്റ് ഓഫീസിന് സമീപം വീണ്ടും സമരക്കാർ തടഞ്ഞു. ഉച്ചയ്ക്കുശേഷമാണ് ഈ വാഹനം വിട്ടയച്ചത്. കൽപ്പറ്റയിൽ വിനോദസഞ്ചാരികളുടെ വാഹനങ്ങളും സമരാനുകൂലികൾ തടഞ്ഞു. എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർ കൽപ്പറ്റയിൽ പ്രകടനം നടത്തി. പ്രധാനമന്ത്രി നിലപാട് തിരുത്തിയില്ലെങ്കിൽ ഡൽഹിയിൽ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് എൽ.ഡി.എഫ് മാർച്ച് നടത്തുമെന്ന് ജില്ലാ കൺവീനർ സി.കെ ശശീന്ദ്രൻ പറഞ്ഞു. ദുരന്തബാധിതർ ഉൾപ്പെടെയുള്ളവരെ അണിനിരത്തിയാകും ഡൽഹിയിൽ മാർച്ച് നടത്തുക. ഇന്ത്യ കണ്ട വലിയ ദുരന്തമായിട്ടും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത പ്രധാനമന്ത്രി ദുരന്തബാധിതരെ ദ്രോഹിക്കുകയാണെന്ന് ടി. സിദ്ധിഖ് എം.എൽ.എ കുറ്റപ്പെടുത്തി. വയനാടിന്റെ പ്രവേശന കവാടമായ ലക്കിടിയിൽ യു.ഡി.എഫ് പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞു. രാവിലെ ആറുമണിയോടെ തന്നെ പ്രവർത്തകർ നിരത്തിലിറങ്ങിയിരുന്നു. കോൺഗ്രസ് നേതാവ് ജ്യോതിഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു സമരം. സമരത്തെ തുടർന്ന് നിരവധി വാഹനങ്ങൾ അതിർത്തിയിൽ കുടുങ്ങി. വാഹന യാത്രക്കാരും സമരക്കാരും വാക്ക് തർക്കം ഉണ്ടായി. പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കിയതോടെ ചെറിയ വാഹനങ്ങൾ ഉൾപ്പെടെ കടന്നുപോകാനായില്ല. ശബരിമല തീർത്ഥാടകരുടെ വാഹനങ്ങളും ആംബുലൻസും മാത്രമാണ് കടത്തിവിട്ടത്.
യു.ഡി.എഫ്. പ്രവർത്തകർ കൽപ്പറ്റയിൽ നടത്തിയ പ്രകടനം