v-muraleedharan

കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾ ദുരന്തവുമായി ബന്ധപ്പെട്ട് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ നടത്തിയ പ്രസ്താവനയിൽ വയനാട്ടിൽ വ്യാപക പ്രതിഷേധം. ദുരന്തനിവാരണത്തിന് കേന്ദ്ര സഹായം ലഭിക്കാത്തതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് പറഞ്ഞ കാര്യങ്ങളാണ് പ്രതിഷേധത്തിനിടയാക്കിയത്. ചുങ്കം ജംഗ്ഷനിൽ കോൺഗ്രസ് പ്രവർത്തകർ വി.മുരളീധരന്റെ കോലം കത്തിച്ചു.

ദുരന്തബാധിതർക്കുള്ള അധിക കേന്ദ്ര സഹായത്തിന്റെ പേരിൽ 'ഇന്ത്യ" സഖ്യം കുപ്രചാരണം നടത്തുന്നുവെന്നാണ് വി.മുരളീധരൻ പറഞ്ഞത്. വയനാട്ടിലെ ഒരു നാടു മുഴുവൻ ഒലിച്ചുപോയെന്നു പറയുന്നത് ശരിയല്ലെന്നും മേപ്പാടി പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ മാത്രമാണ് ഉരുൾ ദുരന്തം ബാധിച്ചതെന്നും ചൂണ്ടിക്കാട്ടി. ദുരന്തബാധിതരെ കോൺഗ്രസും സി.പി.എമ്മും രാഷ്ട്രീയ ലക്ഷ്യത്തിന് ഉപയോഗിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.


ഉരുൾപൊട്ടൽ നിസാരവത്കരിച്ച് ദുരന്തബാധിതരെ അപമാനിച്ച വി.മുരളീധരൻ മാപ്പുപറയണമെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ സി.കെ.ശശീന്ദ്രൻ ആവശ്യപ്പെട്ടു. മുരളീധരന്റെ പ്രസ്താവനയിലൂടെ ബി.ജെ.പിയുടെ തനിമുഖം ഒരിക്കൽകൂടി പുറത്തുവന്നെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.സിദ്ദിഖ് എം.എൽ.എ പറഞ്ഞു. മലയാളികളെ അപമാനിക്കുന്ന പ്രസ്താവനയാണ് വി.മുരളീധരൻ നടത്തിയതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ഇ.ജെ.ബാബു കുറ്റപ്പെടുത്തി.