കൽപ്പറ്റ: വയനാട് പാർലമെന്റ് മണ്ഡലത്തിൽ എൽ.ഡി.എഫിനും എൻ.ഡി.എയ്ക്കും വോട്ട് കുറഞ്ഞത് തിരിച്ചടിയായി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ട് നിലനിർത്താനായില്ല. എഴുപതിനായിരത്തോളം വോട്ടിന്റെ കുറവാണ് ഇത്തവണ എൽ.ഡി.എഫിന് ഉണ്ടായത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 2,83,023 വോട്ടാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ആനി രാജക്ക് ലഭിച്ചിരുന്നത്. 31,106 വോട്ടിന്റെ കുറവാണ് എൻ.ഡി.എയ്ക്ക. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കഴിഞ്ഞ പ്രവശ്യം 1,41,045 വോട്ട് നേടിയിരുന്നു. ഇത്തവണ എൽ.ഡി.എഫ് സ്ഥാനാ‌ർത്ഥി സത്യൻ മൊകേരിക്ക് 2,11,4 07 വോട്ടാണ് ലഭിച്ചത്. 71,616 വോട്ടിന്റെ കുറവാണ് ഇത്തവണ ഉണ്ടായത്. ഇത്രയും വോട്ട് കുറഞ്ഞത് എൽ.ഡി.എഫ് ക്യാമ്പിനെ അമ്പരപ്പിച്ചിരിക്കുകയാണ്. ശരാശരി രണ്ടര ലക്ഷം വോട്ടിനു മുകളിൽ പാർട്ടി വോട്ട് എൽ.ഡി.എഫിന് വയനാട് പാർലമെന്റ് മണ്ഡലത്തിൽ ഉണ്ട്. എന്നാൽ പ്രവർത്തകരുടെ വോട്ട് പോലും മുഴുവനായും ലഭിക്കാത്തതിൽ അമ്പരന്നിരിക്കുകയാണ് പാർട്ടി നേതൃത്വം. 2019ൽ രാഹുൽ ഗാന്ധി തരംഗം ആഞ്ഞടിച്ചപ്പോൾ പോലും 2, 74 ,597 വോട്ട് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന പി.പി സുനീറി ന് ലഭിച്ചിരുന്നു. 2014ൽ എം.ഐ ഷാനവാസുമായി കടുത്ത മത്സരം കാഴ്ചവെച്ച അനുഭവ പരിചയവുമായാണ് ഇത്തവണ സത്യൻ മൊകേരി വയനാട്ടിൽ മത്സരത്തിന് എത്തിയത്. എന്നാൽ പ്രചാരണത്തിൽ പോലും സ്ഥാനാർത്ഥിക്ക് വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ല. പ്രചാരണ രംഗത്ത് സിപിഎം സജീവമായിരുന്നില്ലെന്ന് ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. മുഖ്യമന്ത്രി വയനാട്ടിൽ വന്ന് പ്രചാരണം നടത്തിയത് ഒഴിച്ചാൽ വലിയ പ്രചാരണ ക്യാമ്പയിൻ ഒന്നും തന്നെ എൽ.ഡി.എഫ് നടത്തിയിരുന്നില്ല. സാധാരണ തിരഞ്ഞെടുപ്പിന് മുൻപ് വീടുകയറിയുള്ള പ്രചാരണത്തിൽ എൽ.ഡി.എഫ് സജീവമായിരുന്നു. ഒരു വീട്ടിൽ തന്നെ ഒന്നിൽ കൂടുതൽ തവണ സന്ദർശനം നടത്തി വോട്ടു ഉറപ്പിക്കുന്നതിൽ എൽ.ഡി.എഫ് വീഴ്ച വരുത്തിയിരുന്നില്ല. എന്നാൽ ഇത്തവണ പല വീടുകളിലും സ്ഥാനാർത്ഥിയുടെ അഭ്യർത്ഥന പോലും എത്തിയിരുന്നില്ല. അവസാന ദിവസങ്ങളിൽ മാത്രമാണ് സിപിഎം അല്പമെങ്കിലും സജീവമായിരുന്നത്. എന്നാൽ ബി.ജെ.പിയുടെ പാർട്ടി വോട്ടുകൾ കൃത്യമായി നിലനിർത്താനും വോട്ടിൽ വർദ്ധനവ് വരുത്താനും സ്ഥാനാർഥി നവ്യ ഹരിദാസിന് കഴിഞ്ഞുവെന്നാണ് എൻ.ഡിഎ അവകാശപ്പെടുന്നത്. 2019 ൽ എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിക്ക് 78,816 വോട്ട് മാത്രമേ ലഭിച്ചിരുന്നുള്ളൂ. അതിനേക്കാൾ വോട്ട് ഉയർത്താൻ കഴിഞ്ഞത് എൻഡിഎയ്ക്ക് ആശ്വാസമായി. തിരുവമ്പാടി ഉൾപ്പെടെയുള്ള ചില മേഖലകളിൽ വലിയ മുന്നേറ്റം നടത്താൻ കഴിഞ്ഞതും എൻഡിഎക്ക് പ്രതീക്ഷ പകരുന്നതാണ്. ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലകളിൽ ചില സ്ഥലങ്ങളിൽ രണ്ടാം സ്ഥാനത്ത് നവ്യ ഹരിദാസിന് എത്താൻ കഴിഞ്ഞു. കാര്യങ്ങൾ വ്യക്തതയോടെ അവതരിപ്പിക്കുകയും വോട്ടർമാരുമായി നല്ല സമ്പർക്കം ഉണ്ടാക്കാൻ കഴിഞ്ഞതുമാണ് ഇത്രയെങ്കിലും വോട്ട് വർദ്ധിപ്പിക്കാൻ നവ്യാ ഹരിദാസിനെ കഴിഞ്ഞത്. ബത്തേരി നിയോജകമണ്ഡലത്തിൽ എൻഡിഎപ്രതീക്ഷിച്ച ലീഡ് നേടാനായില്ല.
ഇത്തവണ 26,762 വോട്ട് മാത്രമാണ് നേടാനായത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 35,709 വോട്ടാണ് ഇവിടെ എൻഡിഎ നേടിയത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടിനേക്കാൾ 9,000 വോട്ടിന്റെ കുറവാണ് ഇത്തവണ ഉണ്ടായത്.
ബിജെപിയുടെ ബി ക്ലാസ് മണ്ഡലമാണ് ബത്തേരി. അതിനാൽ തന്നെ ബത്തേരി കേന്ദ്രീകരിച്ചായിരുന്നു എൻഡിഎ പ്രചാരണം കൂടുതൽ ശ്രദ്ധയോടെ നടത്തിയത്.