കൽപ്പറ്റ: കന്നിയങ്കത്തിനായി ചുരം കയറിയെത്തിയ പ്രിയങ്ക ഗാന്ധിയെ ചേർത്തുപിടിച്ച് വയനാട്. ആദ്യമായി പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രിയങ്കാ ഗാന്ധിക്ക് വലിയ ഭൂരിപക്ഷമാണ് വയനാട് നൽകിയത്. രാഹുൽഗാന്ധിയുടെ ഭൂരിപക്ഷത്തെയും മറികടന്ന് 4,10,931വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രിയങ്ക നേടിയത്. ആകെ പോൾ ചെയ്ത വോട്ടിൽ 6 ,22, 338 വോട്ട് പ്രിയങ്ക കരസ്ഥമാക്കി. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി 3,64,024 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയിരുന്നത്. പോളിംഗ് ശതമാനം ഗണ്യമായി കുറഞ്ഞിട്ടു പോലും പ്രിയങ്ക ഗാന്ധിക്ക് മികച്ച വിജയം നേടാൻ കഴിഞ്ഞു. വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷങ്ങളിൽ രണ്ടാമത്തേതാണ് ഇത്. 2019ലെ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയാണ് ഏറ്റവും ഉയർന്ന ലീഡ് മണ്ഡലത്തിൽ നേടിയത്. ഇത്തവണ പോളിംഗ് ശതമാനത്തിൽ ഏഴ് ശതമാനത്തിന്റെ കുറവാണ് വയനാട്ടിൽ ഉണ്ടായിരുന്നത്. 5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം നൽകുമെന്ന അവകാശവാദവുമായി യു.ഡി.എഫ് പ്രചാരണത്തിൽ ഏറെ മുന്നറിയിരുന്നു. എൽ.ഡി.എഫും എൻ.ഡി.എയും മോശമല്ലാത്ത പ്രചാരണം മണ്ഡലത്തിൽ നടത്തുകയും ചെയ്തു.
എന്നാൽ തിരഞ്ഞെടുപ്പ് ദിവസം പോളിംഗ് ബൂത്തുകളിലേക്ക് വോട്ടർമാരെ എത്തിക്കാൻ ഈ ആവേശത്തിന് കഴിഞ്ഞിരുന്നില്ല.
ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിംഗ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയത്.
പോളിംഗ് ശതമാനം കുറഞ്ഞത് യു.ഡി.എഫ് ക്യാമ്പിനെ ആശങ്കയിലാക്കിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് ദിവസവും അതിനുശേഷം ബൂത്തുകളിൽ നിന്നും ശേഖരിച്ച കൃത്യമായ കണക്കുകൾ പരിശോധിച്ചപ്പോൾ വോട്ട് നഷ്ടമായത് യു.ഡി.എഫിന്റെ അതല്ലെന്ന് കണ്ടെത്തി. പ്രിയങ്ക ഗാന്ധി നാല് ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം നേടുമെന്ന് യു.ഡി.എഫ് നേതാക്കൾ തിരഞ്ഞെടുപ്പിന് ശേഷം വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടിരുന്നു. വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ ഈ അവകാശവാദം ശരിയാണെന്ന് തെളിഞ്ഞു. ഇടത് അനുഭാവികളുടെ വോട്ട് പോലും ഇത്തവണ പ്രിയങ്ക ഗാന്ധിക്ക് ലഭിച്ചു. സ്ത്രീ വോട്ടുകളാണ് കൂടുതലായും ലഭിച്ചത്. ആകെ പോൾ ചെയ്ത വോട്ടിൽ പ്രിയങ്ക ഗാന്ധിക്ക് 6,22,338 വോട്ട് ലഭിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിക്ക് 2,11407 വോട്ടാണ് ലഭിച്ചത്. എൻ.ഡി.എ സ്ഥാനാർത്ഥി നവ്യാ ഹരിദാസിന് 1,09,939 വോട്ടും ലഭിച്ചു. തപാൽ വോട്ടുകൾ എണ്ണി തുടങ്ങുമ്പോൾ മുതൽ പ്രിയങ്ക ഗാന്ധി വ്യക്തമായ ലീഡ് നിലനിർത്തിയിരുന്നു വോട്ട് എണ്ണി തീരും വരെ പ്രിയങ്കയുടെ കുതിപ്പാണ് കണ്ടത്.