eeee

കൽപ്പറ്റ: ദേശീയപാത 766 ൽ കർണാടകയിലെ ബന്ദിപ്പുര വനഭാഗത്ത് പതിറ്റാണ്ടിലധികമായി തുടരുന്ന രാത്രിയാത്രാവിലക്ക് നീക്കാൻ പ്രിയങ്ക ഗാന്ധിയുടെ ശക്തമായ ഇടപെടൽ ഉ ണ്ടാകുമെന്ന പ്രതീക്ഷയിൽ വയനാടൻ ജനത. രാത്രിയാത്രാവിലക്കുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയിൽ തുടരുകയാണ്. വിലക്ക് നീക്കുന്നതിൽ യോജിപ്പാണെന്നു കർണാടക സർക്കാർ സുപ്രീംകോടതിയിൽ ബോധിപ്പിച്ചാൽ സാഹചര്യം മാറും. രാപകൽ വ്യത്യാസമില്ലാതെ ദേശീയപാതയിൽ വാഹന ഗതാഗതം സാദ്ധ്യമാകും. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയും ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയും മത്സരിച്ചപ്പോൾ പ്രചാരണത്തിന് എത്തിയ കർണാടക ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ യാത്രാനിരോധന വിഷയത്തിൽ കേരളത്തിനു സഹായകമായ നിലപാട് വാഗ്ദാനം ചെ്തതാണ്. തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ വയനാട് അടിയന്തര പരിഹാരം തേടുന്ന പ്രശ്നങ്ങളിൽ ഒന്നായി ദേശീയ പാതയിലെ യാത്രാവിലക്കിനെ പ്രിയങ്ക ഗാന്ധി ഉയർത്തിക്കാട്ടുകയുമുണ്ടായി.രാത്രിയാത്രാ വിലക്കുമായി ബന്ധപ്പെട്ട കേസ് ഡിസംബർ മൂന്നാം വാരം സുപ്രീംകോടതിയുടെ പരിഗണനയ്ക്കു വരുന്നുണ്ട്. ബന്ദിപ്പുര വനഭാഗത്ത് വന്യജീവികളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന വിധത്തിൽ തുരങ്കപാത നിർമിക്കുന്നതിനു സഹായകമായ നിലപാട് കർണാടകവും കേരളവും സുപ്രീംകോടതിയെ അറിയിച്ചാൽ യാത്രിയാത്രാവിലക്ക് നീങ്ങുന്നതിനു വഴിയൊരുങ്ങുമെന്ന് നീലഗിരി വയനാട് നാഷണൽ ഹൈവേ ആൻഡ് റെയിൽവേ ആക്ഷൻ കമ്മിറ്റി കൺവീനർ ടി.എം. റഷീദ് പറഞ്ഞു. കോഴിക്കോടിനെ സുൽത്താൻ ബത്തേരി വഴി കൊല്ലേഗലുമായി ബന്ധിപ്പിക്കുന്നതാണ് ദേശീയപാത 766 എന്ന് പുനർനാമകരണം ചെയ്ത എൻ.എച്ച് 212.