 
കൽപ്പറ്റ: വയനാടിന്റെ എം.പിയായി സത്യപ്രതിജ്‌ഞ ചെയ്ത പ്രിയങ്കഗാന്ധിക്ക് മുന്നിൽ കടമ്പകളേറെ. രാഹുൽഗാന്ധി എം.പിയായിരുന്നപ്പോൾ തന്നെ പരിഹരിക്കാതെ കിടക്കുന്ന വയനാട്ടിലെ പ്രശ്നങ്ങളാണ് പ്രിയങ്കയ്ക്ക് മുന്നിലെത്തുക. വയനാടിന്റെ പുനർനിർമാണത്തിനാണ് പ്രഥമ പരിഗണനയെന്ന് പ്രിയങ്കഗാന്ധി വ്യക്തമാക്കിയിരുന്നു. ഉരുൾ ദുരന്തത്തിൽ അവഗണന നേരിടുന്ന വയനാടിന് വേണ്ടിയുളള അതിശക്തമായ പോരാട്ടമായിരിക്കും പ്രിയങ്കയുടെ ഭാഗത്ത് നിന്ന് ആദ്യം ഉണ്ടാവുക. ഉരുൾ ദുരിതബാധിതരുടെ പുനരധിവാസം എങ്ങുമെത്തിയില്ല. ടൗൺഷിപ്പ് അടക്കം നിരവധി പ്രശ്നങ്ങൾ ഉരുൾ ദുരിതബാധിതരുടേതായി ഉണ്ട്. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച് പ്രിയങ്കയുടെ ശബ്ദമുയരും.
ഇടതുമുന്നണി ഇന്ത്യ മുന്നണിയുടെ ഭാഗമാണെങ്കിലും കേരളത്തിൽ പ്രിയങ്കയുടെ പ്രവർത്തനത്തെ ഇടതുമുന്നണി വളരെ ശ്രദ്ധേയോടെയായിരിക്കും വീക്ഷിക്കുക. വിമർശനവും ഉയർന്നേക്കും. ഉരുൾ ദുരന്ത മേഖലയിൽ പ്രധാനമന്ത്രി വന്ന് പോയിട്ടും ഒരു പ്രദേശത്തെ ജനതയെ തീർത്തും അവഗണിച്ചതിൽ രാഹുൽഗാന്ധിയും പ്രിയങ്കയും നേരത്തെ തന്നെ പ്രതിഷേധം അറിയിച്ചിരുന്നു. വയനാടിനെ ഒരു കുടുംബമായി കാണുന്നുവെന്ന നെഹ്റു കുടുംബത്തിലെ അംഗങ്ങളായ രാഹുലിന്റെയും പ്രിയങ്കയുടെയും വാക്കുകൾ വയനാടൻ ജനത ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. രാഹുൽഗാന്ധി എം.പിയായിരുന്നപ്പോൾ വല്ലപ്പോഴും വന്ന് പോകുന്ന പ്രകൃതമായിരുന്നു. എന്നാൽ പ്രിയങ്കയ്ക്ക് അങ്ങനെ ആകാൻ കഴിയില്ല.വയനാട്ടിലെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരഞ്ഞെടുപ്പിനെ നേരിട്ടത് കൊണ്ടുതന്നെ ജനങ്ങൾക്കൊപ്പം നിന്ന് കൊണ്ട് വയനാടിനായി ശബ്ദിക്കാൻ പ്രിയങ്ക ബാദ്ധ്യസ്ഥയാണ്. വയനാടിന് പുറമെ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ വണ്ടൂർ,ഏറനാട്,നിലമ്പൂർ മണ്ഡലങ്ങളിലായി വ്യാപിച്ച് കിടക്കുന്നതാണ് വയനാട് മണ്ഡലം. വയനാട്ടിലേത് പോലെ തന്നെ നിരവധി പ്രശ്നങ്ങൾ ഈ രണ്ട് ജില്ലകളിലെ മണ്ഡലങ്ങളിലുമുണ്ട്. വർഷങ്ങളായി തുടരുന്ന ദേശീയപാതയിലെ രാത്രിയാത്രാ നിരോധമായിരിക്കും പ്രിയങ്കയുടെ മുന്നിലുളള മറ്റൊരു വിഷയം. കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ ഉളളതിനാൽ ഇക്കാര്യത്തിൽ എളുപ്പത്തിൽ പ്രശ്നപരിഹാരം ഉണ്ടാകുമെന്ന് കരുതുന്നു. സുപ്രീംകോടതിയുടെ മുന്നിലാണ് ഈ വിഷയം.
വയനാട്ടിൽ മെഡിക്കൽ കോളേജ് ഉണ്ടെങ്കിലും ഒരു ജില്ലാ ആശുപത്രിയുടെ സൗകര്യം പോലും ഇവിടെയില്ല. തിരഞ്ഞെടുപ്പിലെ പ്രധാന വിഷയവും വയനാട് മെഡിക്കൽ കോളേജായിരുന്നു. നഞ്ചൻകോട് നിലമ്പൂർ റെയിൽപാതയും വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങളിലൊന്നാണ്. ചുരങ്ങളാൽ ചുറ്റപ്പെട്ട വയനാട്ടിലേക്കുളള ബദൽപാതകളും എത്രയും വേഗം നടപ്പിലാക്കേണ്ടത് തന്നെ. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന തുരങ്കപാതയും എങ്ങുമെത്താതെ കിടക്കുന്നു. ടൂറിസ്റ്റുകളെ ആകർഷിക്കാനുളള ഇടപെടലും ഉണ്ടായേക്കും.ആദിവാസികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതും വലിയൊരു കാര്യമാണ്.