a

മാവേലിക്കര : റോഡരികിൽ ബോധരഹിതയായി വീണുകിടന്ന യുവതിയെ ആശുപത്രിയിൽ എത്തിച്ച് ജീവൻരക്ഷിച്ച സ്വകാര്യ ബസ് ജീവനക്കാരെ സംയുക്ത കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിച്ചു. ചെങ്ങന്നൂർ-മണ്ണാറശാല റൂട്ടിൽ സർവീസ് നടത്തുന്ന അനിഴം ബസിലെ ഡ്രൈവർ മാന്നാർ കുരട്ടിക്കാട് അർഷാദ് മൻസിലിൽ അർഷാദ്, കണ്ടക്ടർ കായംകുളം നടയ്ക്കാവ് ബിന്ദുഭവനത്തിൽ സുരേഷ്‌കുമാർ എന്നിവരെയാണ് കൊച്ചാലുംമൂട് ജംഗ്‌ഷനിൽ വെച്ച് അറുനൂറ്റിമംഗലം സംയുക്ത കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചത്.

കേരള പൗരാവകാശവേദി സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മാങ്കാംകുഴി ഉദ്‌ഘാടനം ചെയ്തു. സംയുക്ത കൂട്ടായ്മ പ്രസിഡൻറ് സുബി വർഗീസ് അദ്ധ്യക്ഷനായി. ഭാരവാഹികളായ ലിബിൻ ബേബി, ഡാനിയേൽ കെ രാജൻ, അനിയൻകുഞ്ഞ്, സായ്, സിനോയ്, മോബിൻ, ദീപു എന്നിവർ പങ്കെടുത്തു.

രണ്ടാഴ്ച മുമ്പ് . യാത്രക്കാരുമായി ഹരിപ്പാടിന് സർവീസ് നടത്തുന്നതിനിടയിലാണ് കൊച്ചാലുംമൂട് ജംഗ്‌ഷന് സമീപം റോഡരികിൽ യുവതി ബോധരഹിതയായി കിടക്കുന്നത് ബസ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. യുവതിക്ക് സമീപം സ്‌കൂൾ യൂണിഫോമിൽ ഒരു കുട്ടിയും കരഞ്ഞുകൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. ഇതുകണ്ട് ഡ്രൈവർ അർഷാദ് ഉടൻ തന്നെ ബസ് നിർത്തി. കണ്ടക്ടർ സുരേഷ് ഓടിയിറങ്ങുകയും യുവതിക്ക് അരികിലെത്തി കൈയിലുണ്ടായിരുന്ന കുപ്പിയിലെ വെള്ളം വായിൽ ഒഴിച്ചുനൽകുകയും ചെയ്തു. ഇതിനിടെ പുറത്തിറങ്ങിയ അർഷാദ് സുരേഷിനൊപ്പം യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ അതുവഴിവന്ന വാഹനങ്ങൾക്ക് കൈകാണിച്ചെങ്കിലും ആരും നിർത്തിയില്ല. ഇരുവരും സമയം പാഴാക്കാതെ യുവതിയെയും കുട്ടിയെയും ബസ്സിൽ കയറ്റി. അപ്സമാര ലക്ഷണം കാണിച്ച യുവതിക്ക് വനിതായാത്രക്കാരുടെ സഹായത്തോടെ പ്രഥമശുശ്രൂഷ നൽകി. തുടർന്ന് മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു . ട്രിപ്പു മുടങ്ങുന്ന ഘട്ടത്തിലും ബസ് ജീവനക്കാരായ അർഷാദിന്റെയും സുരേഷിന്റെയും സമയോചിതവും മനുഷ്വത്വപരവുമായ ഇടപെടലാണ് യുവതിയുടെ ജീവൻ രക്ഷിക്കാൻ സഹായകമായത്.