d

ആലപ്പുഴ: സംസ്ഥാനത്തെ ഏറ്റവും വലിയ കരുത്തയായി ആലപ്പുഴ ഗവ. ഗേൾസ് ഹൈസ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ജെ.ചന്ദ്രലേഖ.

പ്രഥമ കേരള സ്കൂൾ ഒളിമ്പിക്‌സിൽ പവർലിഫ്റ്റിംഗ് വിഭാഗത്തിൽ സ്ട്രോംഗ് ഗേൾ ഒഫ് കേരള പട്ടം ലഭിച്ചതോടെയാണ് പതിനഞ്ചുകാരിയായ

ചന്ദ്രലേഖ കരുത്തിന്റെ കാതലായത്.

ചന്ദ്രലേഖയ്ക്ക് പവർലിഫ്റ്റിംഗും ബോഡി ബിൽഡിഗും കേവലം മത്സരയിനമല്ല, വീട്ടുകാര്യമാണ്. യു.എസ് ആർമി ക്യാമ്പിലെ മുൻ ജിം ട്രെയിനർ ജിമ്മിദാസിന്റെയും പവർലിഫ്റ്റിംഗ് ദേശീയ ചാമ്പ്യൻ മഞ്ജുഷയുടെയും ഏക മകളാണ് ചന്ദ്രലേഖ.

ഓർമ്മവച്ച നാൾ മുതൽ ഡമ്പ് ബെല്ലും കെറ്റിൽ ബെല്ലും പവർലിഫ്റ്റിംഗ് ബാറുമെല്ലാം ചിരപരിചിതമാണ്. ജിമ്മിദാസ് ആലപ്പുഴ തിരുവമ്പാടിയിൽ നടത്തുന്ന കോർ ഫിറ്റ്നെസ് സെന്ററിൽ വൈകുന്നേരങ്ങളിൽ അമ്മയ്ക്കൊപ്പം ആഴ്ചയിൽ നാല് ദിവസമാണ് ചന്ദ്രലേഖയുടെ പരിശീലനം.

ഒടുവിൽ,​ 84 കിലോ സീനിയർ വിഭാഗത്തിൽ എട്ട് മത്സരാർത്ഥികളെ പിന്തള്ളി ചന്ദ്രലേഖ ഒന്നാം സ്ഥാനം സ്വന്തമാക്കി.

സ്ട്രോംഗ് ഫാമിലി !

ജിമ്മിദാസ് പവർ ലിഫ്റ്റിംഗ് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ 2003 മുതൽ 2006 വരെ റെക്കാഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. നിരവധി തവണ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. ബി.എഡ് ബിരുദധാരിയായ ജിമ്മിദാസ്,​ സ്കൂളിലെ അദ്ധ്യാപക ജോലി ഉപേക്ഷിച്ചാണ് ജിം ട്രെയിനറായത്. നിരവധി തവണ പവർ ലിഫ്റ്റിംഗ് ദേശീയ ചാമ്പ്യയായ അമ്മ മഞ്ജുഷയാണ് ചന്ദ്രലേഖയുടെ പ്രധാന ഗുരു.

മത്സരം ലക്ഷ്യമിട്ട് ധാരാളം കുട്ടികൾ പരിശീലനത്തിനെത്താറുണ്ടെങ്കിലും പിടിച്ചുനിൽക്കുന്നവർ ചുരുക്കമാണ്. പരിശീലനം മുടങ്ങരുത്. ഡയറ്റ് കൃത്യമായിരിക്കണം.ആവശ്യത്തിന് ഉറക്കവും വേണം

-ജിമ്മിദാസ്