
അമ്പലപ്പുഴ: സിനിമയിലും ടെലിവിഷനിലും നിരവധി വേഷങ്ങൾ അവതരിപ്പിച്ച സതീശൻ മൂവാറ്റുപുഴയ്ക്ക് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കണമെങ്കിൽ സർക്കസ് കൂടാരം തന്നെ ശരണം. ജെമിനി സർക്കസിലെ അനൗൺസറായ സതീശൻ, കലാരംഗത്ത് 31വർഷം പിന്നിടുകയാണ്. സ്കൂൾ വിദ്യാർത്ഥിയായിരിക്കെ തന്നെ മിമിക്രി, നാടകം,മോണോ ആക്ട്, എന്നിവയിൽ ജില്ലാ തലത്തിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള സതീശൻ, പത്തൊമ്പതാം
വയസിലാണ് അനൗൺസ്‌മെന്റ് മേഖലയിലേക്ക് കടന്നത്. ഈ മേഖലയിൽ തിളങ്ങിയതോടെ
നാട്ടിലെ പ്രധാന അനൗൺസറായി. കുടുബത്തിന്റെ പ്രാരാബ്ദം കാരണം ഓട്ടോ ഡ്രൈവറുടെ വേഷവും കെട്ടി. ഇതിനിടെയാണ് മിമിക്രിയിൽ സജീവമായത്. സ്വന്തം സമിതിയായ ജോക്സ് ഇന്ത്യ, കൊച്ചിൻ രസിക തുടങ്ങിയ ട്രൂപ്പുകളിലൂടെ ശ്രദ്ധേയനായി. പുന്നപ്ര കപ്പക്കട മൈതാനിയിൽ അരങ്ങേറുന്ന ജെമിനി സർക്കസിലെ അനൗൺസറും സതീശൻ തന്നെ.
ആക്ഷൻ ഹീറോ ബിജു, ഒരു യമണ്ടൻ പ്രേമകഥ, ഒരു തെക്കൻ തല്ല് കേസ്, ചീനാ ട്രോഫി, സ്വർഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്ത ഇദ്ദേഹം, കോമഡി ഉത്സവം, ബംബർ ചിരി ഉൾപ്പടെ നിരവധി ടെലിവിഷൻ ഹാസ്യപരിപാടികളിലും പങ്കെടുത്തിട്ടുണ്ട്.
ഭാര്യ രശ്മി, മകൻ കലാമണ്ഡലം കൈലാസ് നാഥ്, മകൾ കാവ്യയും എന്നിവർ ഉൾപ്പെടുന്നതാണ് സതീശന്റെ കുടുബം.
നായനാരുടെ ശബ്ദം,
ഇടറാത്ത ഓർമ്മ
മുൻ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ ശബ്ദാനുകരണം ഏഴു മണിക്കൂർ ഒരേ സ്റ്റേജിൽ അവതരിപ്പിച്ച് കൈയടി നേടിയ കലാകാരനാണ് സതീശൻ മൂവാറ്റുപുഴ. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ ഇതേ ഷോ നടക്കുമ്പോൾ നയനാരുടെ ഭാര്യ ശാരദ ടീച്ചർക്ക് കേൾക്കാനായി അത് കാസറ്റാക്കി കൊടുക്കണമെന്ന് സംഘാടകർ പറഞ്ഞു. അങ്ങനെ റെക്കാഡ് ചെയ്തുകൊടുത്തയച്ച ശബ്ദം ടീച്ചർക്ക് ഇഷ്ടമാകുകയും നായനാരുടെ കുടുബവീടായ കല്യാശ്ശേരിയിൽ വച്ച് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ അനുമോദിച്ചതും സതീശൻ മൂവാറ്റുപുഴയുടെ തിളങ്ങുന്ന ഓർമ്മകളാണ്.
വി.എസ്.അച്യുതാനന്ദന്റെ ശബ്ദം ഇത്തരത്തിൽ ഏഴു മണിക്കൂർ തുടർച്ചയായി
അനുകരിച്ച് ഗിന്നസ് ബുക്കിൽ കയറാനുള്ള തയ്യാറെടുപ്പിലാണ് സതീശൻ.