cf

ആലപ്പുഴ: സി.പി.എം അമ്പലപ്പുഴ ഏരിയാസമ്മേളനത്തിന്റെ പൊതുസമ്മേളനത്തിൽ നിന്ന് ഒഴിവാക്കിയതിന് തൊട്ടു പിന്നാലെ, മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരനെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.എം.പി വീട്ടിൽ സന്ദർശിച്ചത് ചർച്ചയായി.

പൊതുസമ്മേളനത്തിൽ നിന്ന് ഒഴിവാക്കിയ പാർട്ടി നിലപാടിനെതിരെ പരസ്യ പ്രതികരണത്തിനൊന്നും ജി.സുധാകരൻ മുതിർന്നിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ നീരസത്തിനൊപ്പം പാർട്ടി അണികളും അമർഷത്തിലാണ്. ജി.സുധാകരനെ അവഗണിച്ചത് വിവാദമായ ദിവസം തന്നെ ജില്ലയിലെ ഡി.വൈ.എഫ്.ഐ നേതാവും സി.പി.എം ജില്ലാ പഞ്ചായത്തംഗവുമായ അഡ്വ. ബിപിൻ സി.ബാബു ബി.ജെ.പിയിൽ അംഗത്വമെടുത്തതും പാർട്ടിയെ പ്രതിസന്ധിയിലാക്കി. ഇതിനിടെയാണ് കെ.സിയുടെ സന്ദ‌ർശനമെന്നത് ശ്രദ്ധേയമാണ്.

സൗഹൃദ സന്ദർശനം:

ജി.സുധാകരൻ

തികച്ചും വ്യക്തിപരമായ സൗഹൃദ സന്ദർശനം മാത്രമാണ് കെ.സി വേണുഗോപാലിന്റെതെന്ന് ജി.സുധാകരൻ പറഞ്ഞു. ആരോഗ്യപരമായ പല പ്രശ്‌നങ്ങൾ നേരിടുന്നയാളാണ് താൻ. അതിനാൽ പലരും വന്ന് കാണാറുണ്ട്. തങ്ങൾ ദീർഘകാലം നിയമസഭയിൽ ഒരുമിച്ചുണ്ടായിരുന്നവരാണ്. തന്നെ കാണാൻ വന്നാൽ കെ.സി. വേണുഗോപാൽ സി.പി.എമ്മിൽ ചേരുമോ?. കെ.സുരേന്ദ്രൻ പറയുന്നതിന് താൻ മറുപടി പറയണ്ട കാര്യമില്ല... മാനദണ്ഡ പ്രകാരം സ്ഥാനങ്ങൾ മാത്രമേ ഒഴിഞ്ഞിട്ടുള്ളു. താനിപ്പോഴും പൊതു പ്രവർത്തകനാണ്. മ​റ്റുള്ളവർ തന്നെ കുറിച്ച് സംസാരിക്കുന്നത് തനിക്ക് ഇപ്പോഴും പ്രാധാന്യമുള്ളത് കൊണ്ടാണെന്നും ജി. സുധാകരൻ പറഞ്ഞു. ജി.സുധാകരനുമായുള്ള കൂടിക്കാഴ്ച തികച്ചും വ്യക്തിപരമാണെന്നും രാഷ്ട്രീയമില്ലെന്നും കെ.സി. വേണുഗോപാലും പറഞ്ഞു.