ആലപ്പുഴ: കോടതിപ്പാലം നവീകരണത്തിന്റെ ഭാഗമായി വാടക്കനാലിന്റെ വടക്കേക്കരയിൽ നടത്തിവന്ന പൈലിംഗ് ജോലികൾ റിഗ് തകരാറിനെ തുടർന്ന് മുടങ്ങി. കഴിഞ്ഞ മൂന്ന് ദിവസമായി പൈലിംഗ് മുടങ്ങിയതോടെ നവീകരണ പ്രവർത്തനങ്ങൾ തടസപ്പെട്ടു. ഡ്രില്ലിംഗ് റിംഗിന്റെ ഡ്രിൽ പൈപ്പിനുണ്ടായ തകരാറാണ് തടസമായത്. പൈപ്പിന്റെ തകരാറിലായ ഭാഗം ഇളക്കി സർവീസിനായി നിർമ്മാണകമ്പനി അയച്ചിരിക്കുകയാണ്. തകരാ‌ർ പരിഹരിച്ച് റിഗിന്റെ പ്രവർത്തനം ഇന്ന് പുനരാരംഭിക്കാനാകുമെന്നാണ് കരുതുന്നത്.

കോടതിപ്പാലം നവീകരണത്തിൽ വൈ.എം.സി.എ മുതൽ കോടതിപ്പാലം വരെ കനാലിന്റെ വടക്കേക്കരയിൽ അഞ്ച് പില്ലറുകളും 20 മീറ്റർ അകലത്തിൽ നാല് സ്പാനുകളുമാണുള്ളത്. ഓരോ പില്ലറിനും മൂന്ന് പൈലുകൾ വീതം 15 എണ്ണം സ്ഥാപിക്കേണ്ടതുണ്ട്. ഒന്നരമാസത്തോളം സമയം വേണ്ടിവരുമെന്ന് കരുതിയിരുന്ന പൈലിംഗ് ജോലികൾക്ക് ഇത്തരത്തിലായാൽ കൂടുതൽ സമയമെടുത്തേക്കും. കോടതിപ്പാലം നവീകരണത്തിന്റെ ഭാഗമായി പാലത്തിന് കിഴക്കുവശത്ത് കനാൽക്കരയിലെ രണ്ട് റോഡുകളുടെ വശങ്ങളിലും പൈലുകൾ സ്ഥാപിക്കേണ്ടതുണ്ട്. അതേസമയം,​ വ്യാപാരികളുടെ തടസ ഹർജിക്ക്

18ന് കോടതി തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. മുല്ലയ്ക്കൽ ചിറപ്പും ക്രിസ് മസ്, ന്യൂ ഇയർ ആഘോഷങ്ങളും കഴിഞ്ഞ ശേഷമേ പണികൾക്ക് വേഗം കൈവരാൻ സാദ്ധ്യതയുള്ളൂ.

വൈദ്യുതി ലൈനുകൾ ഉടൻ മാറ്റും

1.മിനി സിവിൽ സ്റ്റേഷന് സമീപത്തെ നഗരസഭാ ഷോപ്പിംഗ് കോംപ്ളക്സിന്റെ വരാന്തഭാഗം പൊളിച്ചു നീക്കൽ പൂർത്തിയായതോടെ ഇവിടുത്തെ വൈദ്യുതി ലൈനുകൾ അഴിച്ചുമാറ്റുന്ന ജോലികൾ ഉടൻ ആരംഭിക്കും

2.മാതാജെട്ടിയിൽ പണി പൂർത്തിയായി വരുന്ന താത്കാലിക ബോട്ട് ജെട്ടി കെട്ടിടത്തിലേക്ക് ബോട്ട് ജെട്ടി മാറ്റണം. തുടർന്നുവേണം വടക്കേക്കരയിലേക്ക് താത്കാലിക പാലം നിർമ്മിക്കാനുള്ള നടപടികളും ആരംഭിക്കാൻ

3.പാലത്തിന്റെ കിഴക്കുവശം കനാലിന്റെ തെക്കേക്കരയിൽ മൂന്ന് കരകളിലുമുള്ളതിന്റെ ഇരട്ടി പില്ലറുകളും സ്പാനുകളും വേണ്ടിവരും. പാലത്തിന്റെ അടിയിൽ നിലവിലെ സ്ഥാനത്താണ് ജലഗതാഗത വകുപ്പിന്റെ ഓഫീസും ബോട്ട് ജെട്ടിയും രൂപ കൽപ്പന ചെയ്തിരിക്കുന്നത്

4. മാതാജെട്ടിയിലെ താൽക്കാലിക ബോട്ട് ജെട്ടിയുടെ നിർമ്മാണംപൂർത്തിയാകുന്ന മുറയ്ക്ക് ബോട്ട് ജെട്ടി മാറ്റിയാൽ മാത്രമേ തെക്കേക്കരയിലെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാകൂ

റിഗ് തകരാർ കാരണം പൈലിംഗ് മുടങ്ങിയിട്ടുണ്ട്. ഇന്ന് പുനരാരംഭിക്കാമെന്നാണ് കരുതുന്നത്

- കെ.ആർ.എഫ്.ബി