ആലപ്പുഴ: വിനോദകാഴ്ചകൾ ഉറപ്പാക്കി ഉപ്പൂറ്റി കനാലിന് കുറുകേ നിർമ്മിക്കുന്ന നാൽപ്പാലം പുതുവർഷത്തിൽ നാടിന് സമർപ്പിക്കും. ജില്ലാപൊലീസ് മേധാവിയുടെ ഓഫീസിന് മുന്നിൽ വാടക്കനാൽ, കോമേഴ്‌സ്യൽ കനാലുകളെ ബന്ധിപ്പിക്കുന്ന ഉപ്പൂറ്റിക്കനാലിലെ മുപ്പാലമാണ് ഇപ്പോൾ നാൽപ്പാലമാകുന്നത്. പാലങ്ങളുടെ മദ്ധ്യഭാഗത്ത് റൗണ്ടോടെയാണ് നടപ്പാത സഹിതമുള്ള പാലത്തിന്റെ നിർമ്മാണം . അപ്രോച്ച് റോഡുകളും പാലത്തിന്റെ ഫിനിഷിംഗ് ജോലികളും പെയിന്റിംഗുമാണ് ഇപ്പോൾ നടന്നു വരുന്നത്. അപ്രോച്ച് റോഡുകൾ മണ്ണിട്ട് ഉയർത്തുന്ന ജോലികൾ പൂർത്തീകരിച്ച ശേഷം,​ മെറ്റലിംഗും ടാറിംഗും പൂർത്തികരിച്ച് ഈ മാസം പൂർത്തിയാക്കി ജനുവരി ആദ്യവാരം നാടിന് സമർപ്പിക്കാനാണ് പൊതുമരാമത്ത് വകുപ്പിന്റെ ശ്രമം. രാജഭരണ കാലത്താണ് മുപ്പാലം നിർമ്മിച്ചത് . ജി.സുധാകരൻ മന്ത്രിയായിരിക്കെ മുൻകൈയെടുത്താണ് പദ്ധതി തയ്യാറാക്കിയത്. നിർമ്മാണം പൂർത്തിയാകുന്നതോടെ കനാലിന്റെ നാലുഭാഗത്തേക്ക് ജലഗതാഗതം ഉറപ്പാക്കാനും കനാൽക്കരയിലെ വാഹന ഗതാഗതം സുഗമമാക്കാനും കഴിയും .

.........

# വൈദ്യുതീ കരണത്തിന് വേണം അരക്കോടി

പാലത്തിന് നിലവിൽ വൈദ്യുതികരണത്തിന് ഫണ്ട് ഉൾപ്പെടുത്തിയിട്ടില്ല. പുതിയ പാലത്തിൽ വൈദ്യുതീകരണത്തിന് പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് അരക്കോടി രൂപ വേണ്ടിവരും. ഇത്രയും തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.ഒരുവർഷംകൊണ്ട് പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച നിർമ്മാണം പലവിധ കാരണങ്ങളാൽ നാലു വർഷത്തിലേറെ വൈകി. സാമ്പത്തിക പ്രതിസന്ധികാരണം കഴിഞ്ഞ ഒരുവർഷമായി നിർമ്മാണം മന്ദഗതിയിലായിരുന്നു.

.............................................

ടടവേഗത്തിൽ നിർമ്മാണം പൂർത്തീകരിച്ച് ജനുവരിയിൽ നാടിന് സമർപ്പിക്കാനാണ് ശ്രമം. പണിപൂർത്തിയാക്കാൻ ആലപ്പുഴ, അമ്പലപ്പുഴ എം.എൽ.എമാരുടെ സജീവമായ ഇടപെടലുണ്ട്.

ശ്രീജിത്ത്, അസി.എൻജിനിയർ, പൊതുമരാമത്ത് പാലം വിഭാഗം, ആലപ്പുഴ

#നാൽപ്പാലം

ചെലവ്: 17.44 കോടി

മൂന്ന് പാലങ്ങൾ

നീളം: 23 മീറ്റർ വീതം

വീതി: 7.5മീറ്റർ

# നാലാം പാലം

നീളം: 26 മീറ്റർ വീതം

വീതി: 11മീറ്റർ