
ആലപ്പുഴ: ജലനിരപ്പ് ഉയർന്നതും വേലിയേറ്റം ശക്തമായതും കുട്ടനാട്, അപ്പർ കുട്ടനാട് പാടശേഖരങ്ങളിലെ പുഞ്ചകൃഷിക്കാരെ ആശങ്കയിലാക്കി. 30 ദിവസം വരെ പ്രായമായ നെൽചെടികൾ മുതൽ രണ്ടാംകൃഷിയുടെ കൊയ്‌ത്തു കഴിയാത്ത പാടശേഖരങ്ങൾ വരെ ഓരുവെള്ളത്തിൽ മുങ്ങികിടപ്പാണ്. പഞ്ചകൃഷിയിറക്കിയ ചില പാടശേഖരങ്ങളിൽ ഒന്നാം വളം ഇട്ടതിന് പിന്നാലെയാണ് ജലനിരപ്പ് ഉയർന്നത്.
കുട്ടനാട്ടിലെ വിവിധ പഞ്ചായത്തുകളിലായി പത്തോളം പാടശേഖരങ്ങളിൽ ബണ്ട് കവിഞ്ഞ് വെള്ളം കയറി. വിത മുന്നോരുക്കം പൂർത്തിയായ പാടങ്ങളിലാണ് വെള്ളം കയറിയത്. അപ്രതീക്ഷിത വേലിയേറ്റത്തിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതും വെള്ളം കടലിലേക്ക് ഒഴുകാത്തതുമാണ് സ്ഥിതി രൂക്ഷമാകാൻ കാരണം.
ഉപ്പുവെള്ളം തടയാൻ പ്രധാന തോടുകളിൽ ഓരുമുട്ട് സ്ഥാപിക്കാത്തതും പുഞ്ചക്കൃഷിക്ക് വിനയായി. തോട്ടപ്പള്ളി ലീഡിംഗ് ചാനൽ, കായംകുളം കായലുകൾ വഴിയാണ് ഓരുവെള്ളം കയറുന്നത്. തണ്ണീർമുക്കം ബണ്ടിലെയും തോട്ടപ്പള്ളി സ്പിൽവേയിലെയും ഷട്ടറുകൾ ഉയർത്തിയിട്ടും കടലിലേക്ക് നീരൊഴുക്ക് ശക്തമാകാത്തതും മഴവെള്ളത്തിന്റെ വരവ് ക്രമാതീതമായി തുടരുന്നതും നെൽകൃഷിക്ക് ഭീഷണിയാണ്.
നെല്ല് സംഭരണവും വെള്ളത്തിൽ
1.തോട്ടപ്പള്ളി സ്പിൽവേ, തണ്ണീർമുക്കം ബണ്ട് എന്നിവിടങ്ങളിലെ ഷട്ടറുകൾ കൃത്യമായി ക്രമീകരിക്കാത്തതാണ് കുട്ടനാട്ടിൽ ജലനിരപ്പ് താഴാത്തതിന് കാരണം. തണ്ണീർമുക്കത്തെ മുഴുവൻ ഷട്ടറുകളും തുറക്കണമെന്നതാണ് കർഷകരുടെ ആവശ്യം
2.ജില്ലയിൽ 30,000 ഹെക്ടറിൽ 28,000 ഹെക്ടറിലാണ് പുഞ്ചക്കൃഷി ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇന്നലെ വരെ 35ശതമാനം മാത്രമാണ് വിത നടന്നത്. പാടശേഖരങ്ങളിലെ തോടുകളിൽ ഉപ്പിന്റെ സാന്ദ്രത കൂടിയതിനാൽ കർഷകർ ആശങ്കയിലാണ്
3. സർക്കാർ വിതരണം ചെയ്ത നെൽവിത്ത് കിളിർക്കാത്തത് പല കർഷകരെയും ബാധിച്ചിട്ടുണ്ട്. രണ്ടാം കൃഷിയുടെ വിളവെടുപ്പ് 85 ശതമാനം പൂർത്തിയായെങ്കിലും നെല്ല് സംഭരണം പൂർത്തിയായിട്ടില്ല
4.പുഞ്ചകൃഷിയുടെ ഒരുക്കങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ജനുവരിക്ക് മുമ്പ് വിളവെടുപ്പ് പൂർത്തിയാക്കുകയാണ് ലക്ഷ്യം. നെടുമുടി, കൈനകരി, ചമ്പക്കുളം, തകഴി പഞ്ചായത്തുകളിലെ പാടശേഖരങ്ങളിലാണ് വിളവെടുപ്പ് ബാക്കിയുള്ളത്
കാലാവസ്ഥ വ്യതിയാനം കാരണമുള്ള കൃഷി നാശത്തിന് സർക്കാർ നഷ്ടപരിഹാരം നൽകണം. തോട്ടപ്പള്ളി സ്പിൽവേയിലെയും തണ്ണീർമുക്കം ബണ്ടിലെയും ഷട്ടറുകൾ ക്രമീകരിക്കാൻ സ്ഥിരം ജീവനക്കാരെ നിയമിക്കണം
-ജെയ്സപ്പൻ മത്തായി, ജില്ലാ പ്രസിഡന്റ്, കേരളകോൺഗ്രസ് ബി