
ആലപ്പുഴ: മറയൂർ പോലെ കേരളത്തിൽ സാദ്ധ്യമായ സ്ഥലങ്ങളിലെല്ലാം ചന്ദനകൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതിയുടെ പഠനം അവസാനഘട്ടത്തിൽ. കൃഷി വകുപ്പിന്റെ സഹകരണത്തോടെ വനം വകുപ്പാണ് നടപ്പാക്കുന്നത്.
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വുഡ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ സഹായത്തോടെ ബംഗളൂരു മല്ലേശ്വരത്തെ ഐ.സി. എഫ്.ആർ. ഇയിലെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററും സയന്റിസ്റ്റുമായ എസ്. ശരത്തിന്റെ നേതൃത്വത്തിലാണ് പഠനം പുരോഗമിക്കുന്നത്.
സ്വാഭാവിക ചന്ദനമരങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇടവിള കൃഷിയും പ്രോത്സാഹിപ്പിക്കും.
കാലാവസ്ഥ പ്രശ്‌നമല്ല
# കാലാവസ്ഥാസാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന മരമാണ്ചന്ദനം.
# കേരളത്തിലെ10 - 45 ഡിഗ്രി സെൽഷ്യസ് ചൂടും വർഷത്തിൽ 600-1500 മില്ലിമീറ്റർ മഴയും കൂടുതൽ അനുകൂലം
# ചുവന്ന ലാറ്ററൈറ്റിലും മണൽ കലർന്ന കളിമണ്ണിലും നന്നായി വളരും
# തുവരപ്പരിപ്പ്,മുതിര,ഫീൽഡ്ബീൻസ്,കൊഴുപ്പച്ചീര എന്നിവ ആദ്യഘട്ടത്തിലും ഗ്രാഫ്റ്റ് ചെയ്ത വാളൻപുളി,നെല്ലി, മാവ് എന്നിവ രണ്ടാം ഘട്ടത്തിലും ചന്ദനത്തിനൊപ്പം വളർത്താം
മുറിച്ചുകൊണ്ടുപോകും;
വില വനംവകുപ്പ് തരും
നെഞ്ചുയരത്തിൽ 50 സെന്റീ മീറ്ററോ, കൂടുതലോ ചുറ്റുവണ്ണമുള്ള ചന്ദനമരങ്ങൾ മുറിക്കാൻ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർക്ക് അപേക്ഷ നൽകണം. അടിവേര് അടക്കം അവർ മുറിച്ചുകൊണ്ടുപോകും. വാഹനച്ചെലവും
മറയൂരിലെ വനം ഡിപ്പോയിൽ ചെത്തിയൊരുക്കുന്നതിനുള്ള ചെലവും വിലയിൽനിന്ന് കുറച്ചശേഷം ബാക്കി തുക ഉടമയ്ക്ക് നൽകും.
കൂടുതൽ വനംഡിപ്പോകളെ ചന്ദനത്തിന്റെ ശേഖരണ കേന്ദ്രങ്ങളാക്കാനും മൂല്യത്തിന്റെ 50 ശതമാനമെങ്കിലും ഉടമകൾക്ക് മുൻകൂറായി നൽകാനും 2024ൽ ബഡ്ജറ്റ് നിർദ്ദേശമുണ്ട്.
കാതൽ വിലയും വരുമാനവും
ഒരു കിലോ ..............................................................8,500 രൂപ
ഒരു മരത്തിലെ ശരാശരി കാതൽ 7 കി.ഗ്രാം.....59,500 രൂപ
ഒരു ഏക്കറിൽ 144 മരം.......................................85,68,000രൂപ
കേരളത്തിൽ അനുകൂല സാഹചര്യമാണുള്ളത്. പഠനം പൂർത്തിയായാലുടൻ ഡി.പി.ആർ തയ്യാറാക്കാനുള്ള റിപ്പോർട്ട് നൽകും.
-എസ്. ശരത് , സയന്റിസ്റ്റ്