ആലപ്പുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നെൽ കർഷക സംരക്ഷണ സമിതി സംസ്ഥാന നേതാക്കൾ കളക്ടറേറ്റ് പടിക്കൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ സമരം ഇന്ന് ഏഴാം നാളിലേക്ക്. സംരക്ഷണ സമിതി സംസ്ഥാന നേതാക്കളായ സോണിച്ചൻ പുളിങ്കുന്ന്, ലാലിച്ചൻ പള്ളിവാതുക്കൽ എന്നിവരാണ് സത്യാഗ്രഹം നടത്തുന്നത്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ സമരപ്പന്തലിൽ കർഷകസമരത്തിന് ഐക്യദാർഢ്യ സംഗമം നടത്തും. രാഷ്ട്രീയ നിരീക്ഷകൻ ജോസഫ് ടി.മാത്യൂ ഐക്യദാർഢ്യ സംഗമം ഉദ്ഘാടനം ചെയ്യും. സമര പ്രചണാർത്ഥം കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി 7ന് സംസ്ഥാന വ്യാപകമായി കർഷകർ ഐക്യദാർഢ്യ ജ്വാല തെളിച്ചു. ഐക്യദാർഢ്യ പൊതുസമ്മേളനത്തിൽ നെൽ കർഷക സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് റജീന അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. കർഷക സംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി ചിദംബരൻ കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പ്രഭാകരൻ ആലംകോട് മുഖ്യപ്രഭാഷണം നടത്തി. കർഷക സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് സി.വിജയൻ, വി.വിജയരാഘവൻ, സി.ശിവകുമാർ, കേരള കോൺഗ്രസ് (ജെ) ജില്ലാ വൈസ് പ്രസിഡന്റ് ഷാജി കല്ലറയ്ക്കൽ, എസ്.എസ്.ബിനു, അരുൺ, എൻ.കെ.എസ്.എസ്.സംസ്ഥാന സെക്രട്ടറി മാത്യൂ തോമസ്, വൈസ് പ്രസിഡന്റ് വേലായുധൻ നായർ, ജോഷി വർഗീസ് നെടുമുടി തുടങ്ങിയവർ സംസാരിച്ചു.