1

കുട്ടനാട്: പുളിങ്കുന്ന് താലൂക്ക് ആശുപത്രിക്ക് മുന്നിൽ പമ്പയാറിന് കുറുകെയുള്ള കുമ്പളംചിറ പാലത്തിന്റെ ഒത്തനടുവിലെ സ്‌പാനിന്റെ കാലുകൾ താഴ്ന്ന്,​ സ്ലാബുകൾ തമ്മിലുള്ള വിടവ് വർദ്ധിച്ചത് യാത്രക്കാർക്ക് വെല്ലുവിളിയാകുന്നു. ക്രമാതീതമായി വിടവ് വർദ്ധിച്ചതോടെ ഇരുചക്രവാഹനങ്ങൾ പാലത്തിൽ കയറുന്നത് രണ്ടും കൽപ്പിച്ചാണ്. ഇത്തരത്തിൽ യാത്ര അപകടാവസ്ഥയിലാകുന്നത് ആദ്യസംഭവമല്ല. അപ്പോഴെല്ലാം പൊതുമരാമത്ത് വകുപ്പ് അധികൃതർ സ്ലാബിന്റെ വിടവ് ടാർ ഉപയോഗിച്ച് അടയ്ക്കാറാണ് പതിവ്. ഏതാനും മാസങ്ങൾക്ക് മുമ്പ് ഇത്തരത്തിൽ അടച്ചെങ്കിലും ഇത്തവണ വിടവ് ഇരട്ടിയിലധികമായത്

പ്രശ്‌നം രൂക്ഷമാക്കുന്നു.

വിദ്യാർത്ഥികൾ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യത വർദ്ധിച്ചതോടെ പാലത്തിന്റെ കാലുകൾ പരിധിവിട്ട് താഴുന്നത് ഒഴിവാക്കാനും സ്ലാബുകളുടെ അകലം കുറയ്ക്കാനും ആവശ്യമായ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

നാട്ടുകാരുടെ ആശ്രയം

1.അടിയന്തര ഘട്ടങ്ങളിൽ രോഗികളെയും കൊണ്ട് ചെറിയ ആബുലൻസ് ഉൾപ്പടെയുള്ള വാഹനങ്ങൾക്ക് ആശുപത്രിയിലേക്ക് എളുപ്പം എത്തിച്ചേരാൻ ആശ്രയിക്കുന്നത് കുമ്പളംചിറ പാലത്തെയാണ്


2.പുളിങ്കുന്ന് ജങ്കാറിന്റെ പ്രവർത്തനം മുടങ്ങിയാൽ കണ്ണാടി, കാവാലം, കുന്നുമ്മ തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തിച്ചേരാനുള്ള പ്രധാനമാർഗവും ഈ പാലമാണ്.

അതുകൊണ്ട് തന്നെ പാലത്തിന്റെ ബലഹീനത നാട്ടുകാരെ ആശങ്കപ്പെടുത്തുന്നു

3. കുട്ടനാട് എൻജിനിയറിംഗ് കോളേജ്, സെന്റ് ജോസഫ് സ്ക്കൂൾ, ലിറ്റിൽ ഫ്ലവർ ഗേൾസ് ഹൈസ്ക്കൂൾ, കെ.ഇ കാർമൽ സ്ക്കൂൾ എന്നിവിടങ്ങളിലെ നൂറ് കണക്കിന് വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും ആശ്രയം കൂടിയാണിത്