bott-jetty

മാന്നാർ: ഒരുകാലത്ത് മാന്നാറിന്റെ വാണിജ്യ വ്യാപാര മേഖലയ്ക്ക് കരുത്തേകിയിരുന്ന മാന്നാർ പന്നായിക്കടവിലെ ബോട്ട് ജെട്ടി ഇന്ന് ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും താവളമാകുന്നു. പത്തനംതിട്ട- ആലപ്പുഴ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പന്നായിക്കടവ് പാലത്തിന് സമീപം പമ്പാനദീ തീരത്ത് ജലഗതാത വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്ത് ഓഫീസും യാത്രക്കാർക്ക് വിശ്രമിക്കാൻ സൗകര്യവും ഉണ്ടായിരുന്ന ഇവിടം കാടുപിടിച്ചും മാലിന്യങ്ങൾ നിറഞ്ഞും അനാഥമായി കിടക്കുകയാണ്. കുറച്ച് കാലം മാന്നാർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ അങ്കണവാടി പ്രവർത്തിച്ചിരുന്നെങ്കിലും അങ്കണവാടി ടൗണിലേക്ക് മാറ്റിയതോടെ കെട്ടിടം വീണ്ടും നാശത്തിന്റെ വക്കിലായി.കാർഷിക മേഖലയായ കുട്ടനാടന്‍ കായലുകളിലെ കൊയ്ത്ത് കഴിഞ്ഞ് തൊഴിലാളികൾ നെല്ലുമായി എത്തിയിരുന്നതും ബോട്ടിനെ ആശ്രയിച്ചായിരുന്നു. പരുമലപള്ളി, പനയന്നാർകാവ് ക്ഷേത്രം, പുത്തൻപള്ളി ജമാഅത്ത്, നിരണം പള്ളി, തൃക്കുരട്ടി ക്ഷേത്രം, എന്നിവിടങ്ങളിലെ തീർത്ഥാടകർക്കും ഏറെ പ്രയോജനകരമായിരുന്നു.

..........

1 മാന്നാർ ബോട്ട് ജെട്ടിയിൽ നിന്നും ബോട്ട് സർവീസുകൾ നിലച്ചിട്ട് നാലു പതിറ്റാണ്ടുകളോളമായി.

2 ആലപ്പുഴ, കോട്ടയം, എന്നിവിടങ്ങളിലേക്ക് ആയിരുന്നു ജലഗതഗത സർവീസുകൾ ഉണ്ടായിരുന്നത്. അവസാനം ആലപ്പുഴയ്ക്ക് മാത്രമായി സർവീസ് ചുരുങ്ങി.

3. ബോട്ടുജെട്ടി ഉപയോഗ ശൂന്യമായതോടെ ചെളിയും മാലിന്യങ്ങളും അടിഞ്ഞ് കുളിക്കടവും ഇല്ലാതായി.

പ്രതീക്ഷ നൽകി പൈതൃക ഗ്രാമം ടൂറിസം പദ്ധതി

പൈതൃകഗ്രാമം ടൂറിസം പദ്ധതിയിൽ പമ്പാനദിക്കരയുടെ സമീപത്തുള്ള നാശോന്മുഖമായ ബോട്ടുജട്ടികൾ സംരക്ഷിച്ച് മിനി പാർക്കുകൾ സ്ഥാപിച്ച് സഞ്ചാരികൾക്ക് ആവശ്യമായ സൗകര്യങ്ങളോട് കൂടി ബോട്ട് സർവീസുകള്‍ പുനഃസ്ഥാപിക്കുന്നതോടെ നഷ്ടപ്രതാപം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മാന്നാർ ബോട്ട്ജെട്ടിയും. പൈതൃക ടൂറിസത്തിനോടൊപ്പം പിൽഗ്രിം ടൂറിസത്തിനും പ്രാധാന്യം നൽകി 35 കോടി രൂപയുടെ പൈതൃകഗ്രാമം ടൂറിസം പദ്ധതി രൂപരേഖയും എസ്റ്റിമേറ്റും മന്ത്രി സജി ചെറിയാൻ സർക്കാരിന് സമർപ്പിച്ചിരിക്കുകയാണ്.