കായംകുളം: കഴിഞ്ഞ നാല് ദിവസങ്ങളിലായി കായംകുളത്തെ രാഗതാളലയ നൃത്തസാന്ദ്രമാക്കിയ ആലപ്പുഴ ജില്ലാ സ്കൂൾ കലോത്സവത്തിന് നാളെ കൊടിയിറങ്ങും. സ്കൂൾ -സബ് ജില്ലാ തലങ്ങളിൽ ഇഞ്ചോടിഞ്ച് മത്സരം മുറുകുമ്പോൾ, ജനകീയ ഇനങ്ങളായ നാടകവും മിമിക്രിയും കഥാപ്രസംഗവും ഉൾപ്പടെയുള്ള ഇനങ്ങളിൽ ഇന്ന് പ്രതിഭകൾ അരങ്ങുതകർക്കും. 453 പോയിന്റോടെ ചേർത്തല വിദ്യാഭ്യാസ സബ് ജില്ലയാണ് മുന്നിലുള്ളത്. 449 പോയിന്റോടെ മാവേലിക്കരയും ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ ചെങ്ങന്നൂരുമാണ് തൊട്ടുപിന്നിലുണ്ട്. കഴിഞ്ഞ നാലുദിവസമായി യു.പി, എച്ച്.എസ്, എച്ച്.എസ്. എസ് വിഭാഗങ്ങളിലായി നാലായിരത്തോളം മത്സരാർത്ഥികളാണ് പങ്കെടുത്തത്. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന വിദ്യാഭ്യാസ സബ് ജില്ലയ്ക്ക് പത്രാധിപർ കെ. സുകുമാരന്റെ സ്മരണാർത്ഥം കേരള കൗമുദി ആലപ്പുഴ യൂണിറ്റ് ഏർപ്പെടുത്തിയ പത്രാധിപർ സ്മാരക എവറോളിംഗ് ട്രോഫിയുൾപ്പെടെ ആയിരത്തിലധികം ട്രോഫികളാണ് ജേതാക്കളെ കാത്തിരിക്കുന്നത്. യു.പി, എച്ച്.എസ്, എച്ച്.എസ്എസ് വിഭാഗങ്ങളിൽ 200 ലധികം മത്സരങ്ങളാണ് ഇതിനകം പൂർത്തിയായത്. ശേഷിക്കുന്ന നൂറിലധികം ഇനങ്ങളിലെ മത്സരങ്ങൾ ഇന്നും നാളെയുമായി പൂർത്തിയാകും. ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴ മത്സരത്തിന്റെ നിറംകെടുത്തുമോയെന്ന ആശങ്കയിലാണ് മത്സരാർത്ഥികളും സംഘാടകരും.
ട്രോഫികൾക്കായി നെട്ടോട്ടം
കലോത്സവം അവസാനിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ ജേതാക്കൾക്ക് നൽകാനുള്ള എവറോളിംഗ് ട്രോഫികൾക്കുള്ള നെട്ടോട്ടത്തിലാണ് സംഘാടകർ. യു.പി തലം മുതൽ എച്ച്.എസ്.എസ് വരെ 450 ഓളം ട്രോഫികൾ വേണ്ടിടത്ത് 110 ട്രോഫികളുടെ കുറവാണ് സംഘടാകരെ വിഷമിപ്പിക്കുന്നത്. കൊവിഡ് കാലത്ത് രണ്ട് വർഷം കലോത്സവങ്ങൾ നടത്താൻ കഴിയാതെ പോയ സാഹചര്യത്തിൽ അതിന് മുമ്പേ ജേതാക്കളായവർ പിന്നീട് നടന്ന കലോത്സവത്തിൽ ട്രോഫികൾ തിരിച്ചേൽപ്പിക്കാത്തതാണ് പ്രശ്നമായത്. കഴിഞ്ഞവർഷവും എവറോളിംഗ് ട്രോഫികളിൽ കുറവുളളതിനാൽ ജേതാക്കൾക്ക് ട്രോഫികൾ നൽകാൻ കഴിഞ്ഞിരുന്നില്ല. സ്പോൺസർമാരുടെ സഹായത്തോടെ മൊമന്റോകളും മറ്റും തരപ്പെടുത്തി നൽകിയാണ് അന്ന് സംഘാടകർ തലയൂരിയത്. ട്രോഫികളുടെ കുറവ് സംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് സംഘാടക സമിതി കത്ത് നൽകിയെങ്കിലും ഇനിയും പരിഹാരമായിട്ടില്ല.