ആലപ്പുഴ: റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന വിദ്യാഭ്യാസ സബ് ജില്ലയെ കാത്തിരിക്കുന്നത് കേരളകൗമുദി പത്രാധിപർ സ്മാരക എവർറോളിംഗ് ട്രോഫി. പത്രാധിപർ കെ.സുകുമാരന്റെ സ്മരണാർത്ഥം കേരള കൗമുദി ആലപ്പുഴ യൂണിറ്റാണ് ട്രോഫി ഏർപ്പെടുത്തിയത്. 2019 ൽ ചേർത്തലയിൽ നടന്ന റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശനാണ് വിഭ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ധന്യ ആർ.കുമാറിന് ട്രോഫി കൈമാറിയത്. ചേർ‌ത്തല വിദ്യാഭ്യാസ ഉപജില്ലയായിരുന്നു ആദ്യജേതാക്കൾ. കൊവിഡ് കാരണം തുടർന്ന് രണ്ട് വർഷം റവന്യൂ ജില്ലാ കലോത്സവം നടന്നില്ല. പിന്നീട് 2022ൽ ഹരിപ്പാടും 2023ൽ ആലപ്പുഴയിലും നടന്ന റവന്യൂ ജില്ലാ കലോത്സവങ്ങളിലും ട്രോഫി സമ്മാനിച്ചിരുന്നു. ഇത്തവണയും കൂടുതൽ പോയിന്റ് നേടുന്ന ഉപജില്ലയ്ക്കാണ് പത്രാധിപർ കെ. സുകുമാരന്റെ ചിത്രമുൾപ്പടെയുള്ള ട്രോഫി ലഭിക്കുക.