വള്ളികുന്നം: നാടിനെ ഞെട്ടിച്ച് വീണ്ടും വള്ളികുന്നത്ത് വീണ്ടും കാട്ടുപന്നി ആക്രമണം. പട്ടാപ്പകലുണ്ടായ കാട്ടുപന്നി ആക്രമണത്തിൽ കൈയ്ക്കും കാലിനും പരിക്കേറ്റ വള്ളികുന്നം ഗ്രാമപഞ്ചായത്ത് 16 ആം വാർഡിൽ പോക്കാട്ട് ഹർഷാമന്ദിരത്തിൽ കെ.പി രാജുവിനെ(75) ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് 5 മണിയോടെ വള്ളികുന്നം ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്ത് രാജുവിന്റെ വീടിനോട് ചേർന്നുള്ള സ്ഥലത്തുവച്ചായിരുന്നു സംഭവം. രാജുവിന്റെ വീടിന് സമീപത്തെ മറ്റൊരു പുരയിടത്തിൽ ജോലിക്കാർ പുല്ല് വെട്ടുന്നുണ്ടായിരുന്നു. പുല്ലുവെട്ടുന്ന സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ട പന്നി രാജുവിനെ വീടിന്റെ പരിസരത്ത് വച്ച് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ രാജുവിനെ നാട്ടുകാർ ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കൈയ്ക്കും കാലിനും ആഴത്തിൽ മുറിവേറ്റ രാജു ചികിത്സയിലാണ് വള്ളികുന്നത്ത് ഏതാനും മാസങ്ങൾക്ക് മുമ്പ് കാട്ടുപന്നി ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. വള്ളികുന്നത്തും പരിസരത്തും കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ഗ്രാമപഞ്ചായത്ത് ഷൂട്ടർമാരെ നിയോഗിക്കുകയും ഷൂട്ടർമാർ ഒരു കാട്ടുപന്നിയെ അടുത്ത സമയത്ത് വെടിവച്ച് കൊല്ലുകയും ചെയ്തിരുന്നു. എന്നാൽ അതിന് ശേഷം കാട്ടുപന്നിയെ തുരത്താൻ ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്ന് കാര്യമായ ശ്രമമുണ്ടായില്ല. പട്ടാപ്പകൽപോലും പഞ്ചായത്തിന്റെ പലഭാഗത്തും കാട്ടുപന്നി ഒറ്റയ്ക്കും കൂട്ടായും ഇറങ്ങിനടക്കുന്ന സാഹചര്യമാണുള്ളത്. പ്രദേശത്ത് വൻ തോതിൽ കൃഷി നാശത്തിനും ഇത് കാരണമായിട്ടുണ്ട്.
...............
''വള്ളികുന്നം പ്രദേശത്തെ കാട്ടുപന്നി ശല്യം നിയന്ത്രിക്കാൻ ഗ്രാമപഞ്ചായത്ത് ഇടപെടണം. തരിശ് കിടക്കുന്ന സ്ഥലങ്ങളിലെ കാടും പടലും വെട്ടി വൃത്തിയാക്കി പന്നിയുടെ വാസവും വംശവർദ്ധനയും ഒഴിവാക്കണം
- ടി.ഡി വിജയൻ, സാമൂഹ്യപ്രവർത്തകൻ.