
തുറവൂർ: ജന്മനാലോ സാഹചര്യത്താലോ ശാരീരിക വൈകല്യം മൂലം നിത്യജീവിതത്തിൽ ക്ലേശിക്കുന്ന ഭിന്നശേഷി ക്കാർക്കൊരു അത്താണിയായി എൺപതുകാരനായ എസ്.ഭാസ്ക്കരൻ നായർ . ഭാസിച്ചേട്ടൻ എന്ന് ഭിന്നശേഷിക്കാർ സ്നേഹപൂർവം വിളിക്കുന്ന തുറവൂർ സ്വദേശി ഭാസ്ക്കരൻ നായരുടെ നെടുംപുറത്ത് വീട് ഇന്ന് അവരുടെ വാർഷിക സംഗമ വേദിയാകും. സഹകരണ വകുപ്പിൽ നിന്ന് കാൽ നൂറ്റാണ്ടിന് മുൻപ് വിരമിച്ച ഭാസിച്ചേട്ടൻ തനിക്ക് കിട്ടുന്ന പെൻഷൻ തുക ഉൾപ്പെടെ ചേർത്തുവച്ച് തമിഴ്നാട് സ്വദേശിയടക്കം , 10 ഭിന്ന ശേഷിക്കാർക്ക് 1000 രൂപവീതം അനൗദ്യോഗിക പ്രതിമാസ പെൻഷൻ നൽകാൻ തുടങ്ങിയിട്ട് 3 വർഷം പിന്നിടുകയാണ്. ഒപ്പം നിർദ്ദനരായ മറ്റ് 5 പേർക്കുകൂടി അദ്ദേഹം പെൻഷൻ നൽകുന്നുണ്ട്. ഓണം, വിഷു തുടങ്ങിയ വിശേഷദിനങ്ങളിലും ഇവർക്കൊക്കെ സാമ്പത്തിക സഹായം പുറമേയാണ്. ഓരോ മൂന്നാം തീയതിയിലും തന്റെ സ്കൂട്ടറിൽ ഗുണഭോക്താക്കളുടെ വീട്ടിലെത്തി നേരിട്ടാണ് ഭാസിച്ചേട്ടന്റെ പെൻഷൻ വിതരണം. ഓരോ വർഷവും ഭിന്ന ശേഷി ദിനത്തിൽ ഭിന്നശേഷിക്കാരേയും അവരുടെ കുടുംബാംഗങ്ങളേയും തന്റെ ഭവനത്തിൽ ക്ഷണിച്ചു വരുത്തി സദസിൽ ആദരിക്കുകയും വസ്ത്രങ്ങളും സമ്മാനങ്ങളും പെൻഷനും ഒപ്പം വിഭവസമൃദ്ധമായ സദ്യയും നൽകിയാണ് ഭാസ്ക്കരൻ നായർ അവരുടെ വീടുകളിലേക്ക് യാത്ര അയക്കാറ്. ഇന്ന് രാവിലെ 10.30 ന് സാന്ത്വനസ്പർശം എന്ന പേരിൽ നൽകുന്ന സാമൂഹിക പെൻഷന്റെ 4-ാം വർഷ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരിയും ഭിന്ന ശേഷി ദിനാചരണത്തിന്റെ ഉദ്ഘാടനം പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയും നിർവഹിക്കും.
.........
# ഭാസിച്ചേട്ടന്റെ കാരുണ്യ പ്രവർത്തനം
കാരുണ്യ പ്രവർത്തനം പെൻഷൻ വിതരണത്തിൽ മാത്രം തീരുന്നില്ല. നിർദ്ദന കുടുംബത്തിന് സുരക്ഷിത ഭവനമൊരുക്കുന്നതിനുള്ള നാലര സെന്റ് ഭൂമി ലക്ഷങ്ങൾ മുടക്കി വാങ്ങി വീട് വയ്ക്കുന്നതിനായി രണ്ടര വർഷം മുൻപ് സർക്കാരിലേക്ക് സൗജന്യമായി വിട്ടുകൊടുത്തതാണ്. എന്നാൽ വീട് എന്ന സ്വപ്നം സർക്കാരിന്റെ ചുവപ്പ് നാടയിൽ കുടുങ്ങി. പല തവണ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഒന്നുമാവാത്ത സ്ഥിതിയാണ്. കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കുത്തിയതോട് യൂണിറ്റ് പ്രസിഡന്റ് കൂടിയാണ്.