
അമ്പലപ്പുഴ: കമ്പ്യൂട്ടർ പണിമുടക്കിയതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒ.പി ചീട്ട് എടുക്കാനാവാതെ രോഗികൾ വലഞ്ഞു. ഇന്നലെ രാവിലെ 7 മുതൽ ഒ.പി ചീട്ട് എടുക്കാനായി ആളുകളുടെ നീണ്ട നിരയായിരുന്നു ആശുപത്രിയിൽ.എട്ടോടെഓടെ എത്തിയെങ്കിലും സിസ്റ്റം തകരാറിലാണെന്നും ചീട്ട് എടുക്കാനാകുന്നില്ലെന്നുമായിരുന്നു ജീവനക്കാർ ക്യൂവിൽ നിന്നവരോട് പറഞ്ഞത്.രാവിലെ 9. 30 ആയതോടെ ഒ.പി കെട്ടിടത്തിന് പുറത്തു വരെ ക്യൂ നീണ്ടു. കനത്ത മഴയിൽ പുറത്ത് ലൈൻ നിൽക്കേണ്ട ഗതികേടിലായിരുന്നു രോഗികൾ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒ.പി പരിശോധനക്കെത്തിയ രോഗികൾ ഇതോടെ ദുരിതത്തിലായി.പിന്നീട് സിസ്റ്റം ശരിയായെങ്കിലും ഒ.പിക്കു മുന്നിൽ നീണ്ട നിരയായിരുന്നു.ഇത് ഇടക്കിടെ ഇവിടെ പതിവുകാഴ്ചയാണെന്നാണ് രോഗികൾ പറയുന്നത്.