malavika

കായംകുളം: എച്ച്.എസ്.എസ് വിഭാഗം മിമിക്രിയിലും മോണോ ആക്ടിലും കുത്തക കൈവിടാതെ കുടുംബം. പ്രശസ്ത മിമിക്രികലാകാരൻമാരും സഹോദരൻമാരുമായ പുന്നപ്ര മിമിക്സ് ഭവനിൽ മധുപുന്നപ്രയുടെ മകൻ മഹേശ്വർ മോണോ ആക്ടിന് എച്ച്.എസ്. വിഭാഗത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയപ്പോൾ സഹോദരനായ പുന്നപ്ര മനോജിന്റെ മകൾ പ്ളസ് വൺ വിദ്യാർത്ഥിനിയായ മാളവികയ്ക്കാണ് മിമിക്രിയിൽ എ.ഗ്രേഡോടെ ഒന്നാം സ്ഥാനം. മിമിക്രിയോടുള്ള അടങ്ങാത്ത അഭിനിവേശത്താൽ ഇവരുടെ കുടുംബവീടിന്റെ പേര് തന്നെ മിമിക്സ്ഭവനെന്നാണ്. സ്കൂൾ കലോത്സവവേദികളിൽ നിന്ന് മിമിക്രിയിലൂടെ കലാരംഗത്തെത്തി പ്രശസ്തരായ മധുവിന്റെയും മനോജിന്റെയും ശിക്ഷണത്തിലാണ് ഇരുവരും നേട്ടം കൊയ്തത്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി രണ്ട് തവണ മിമിക്രി ജേതാവാണ് അമ്പലപ്പുഴ കെ.കെ.കുഞ്ചുപിള്ള സ്മാരക സ്കൂളിലെ വിദ്യാർത്ഥിയായ മഹേശ്വർ. മിമിക്രിയിൽ രണ്ട് തവണയും ജേതാവായതോടെയാണ് ഇക്കുറി മോണോ ആക്ടിലേക്ക് മഹേശ്വർ ചുവടു മാറ്റിയത്. മായയാണ് മഹേശ്വറിന്റ മാതാവ്. വെടിക്കെട്ട്, കുട്ടിക്കാനം തുടങ്ങിയ സിനിമകളിലെ അഭിനേതാവായ മഹാദേവനാണ് സഹോദരൻ. മിമിക്സിന് പുറമേ കഥാപ്രസംഗത്തിലും ഇത്തവണ മഹേശ്വർ പങ്കെടുക്കുന്നുണ്ട്.

ഉമ്മൻചാണ്ടിയെ

അനുകരിച്ച് മാളവിക

അറവുകാട് എച്ച്.എസ്.എസിലെ പ്ളസ് വൺ വിദ്യാർത്ഥിനിയാണ് മാളവിക. നാടൻ പാട്ട്, ദേശഭക്തിഗാന മത്സരങ്ങളിൽ മുമ്പ് ജില്ലാ തലത്തിൽ എഗ്രേഡ് നേടിയ മാളവിക,​ ഇതാദ്യമായാണ് മിമിക്രിയിൽ മത്സരിക്കുന്നത്.

കലോത്സവവേദിയിലെ മത്സരാർത്ഥിയെന്ന വിഷയത്തിൽ അരങ്ങേറിയ മത്സരത്തിൽ കലോത്സവ ഉദ്ഘാടകനായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അനുകരിച്ച മാളവിക,​ അദ്ധ്യക്ഷനായി അവതരിപ്പിച്ചത് മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെയാണ്. കഴിഞ്ഞവർഷം മിമിക്രിയിൽ എ ഗ്രേഡ് ജേതാവായിരുന്നു മാളവിക. മഹിമ മനോജാണ് മാതാവ്. അച്ഛനമ്മമാരുടെയും വല്യച്ഛനായ പുന്നപ്രമധുവിന്റെയും ശിക്ഷണവും പ്രോത്സാഹനവുമാണ് മാളവികയുടെയും പ്രചോദനം.