കായംകുളം: കുച്ചിപ്പുടി മത്സരവേദിയിൽ കാണികളുടെ ശ്രദ്ധ ആദ്യം ചെന്നെത്തിയത് സദസിൽ ആസ്വദിച്ച് വീഡിയോ പകർത്തുന്ന വിദേശ വനിതയിലാണ്. സ്വീറ്റ്സർലാൻഡ് കാരിയായ എലിസ (71) ആണ് രണ്ടാം വേദിയിലെ കുച്ചിപ്പുടി മത്സരം ആദ്യാവസാനം വരെ ഇരുന്ന് ആസ്വദിച്ചത്. 15 വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ വന്നപ്പോൾ ഭരതനാട്യവും, കുച്ചിപ്പുടിയും കണ്ടിരുന്നെന്നും അന്നുമുതൽ ഈ നൃത്ത ഇനങ്ങൾ മനസിൽ ഓർത്ത് വച്ചിരുന്നതായും എലിസ പറഞ്ഞു. രണ്ടാഴ്ചയായി കേരളത്തിൽ എത്തിയിട്ട്. എലിസയുടെ കേരളത്തിലെ സുഹൃത്ത് തോമസ് സക്കറിയയാണ് കലോത്സവ വിവരം പറഞ്ഞത്. 1989 മുതൽ ഇന്ത്യയിൽ മിക്കവാറും എല്ലാ വർഷവും വരാറുണ്ട്. 2004 ഡിസംബറിലാണ് കേരളത്തിൽ അവർ ആദ്യമായി എത്തിയത്. അന്ന് മുതൽ എല്ലാ വർഷവും കേരളത്തിൽ മുടങ്ങാതെ എത്താറുണ്ടെന്ന് എലിസ പറഞ്ഞു. കേരളത്തിലെ ഇലയിലെ നാടൻ സദ്യയും, പുട്ടും പഴം പുഴുങ്ങിയതും ഏറെ ഇഷ്ടമാണ്. ഇവിടെത്തെ ഭക്ഷണങ്ങൾക്ക് എരിവ് കൂടുതലാണെന്നും അത് കഴിക്കാൻ ഇത്തിരി പ്രയാസമാണെന്നും എലിസ പറഞ്ഞു. സ്വീറ്റ് സർലാൻഡിലെ അദ്ധ്യാപികയായിരുന്നു. ഇപ്പോൾ റിട്ടയർമെന്റ് ജീവിതവും യാത്രകളും ആസ്വദിക്കുകയാണ്.