കായംകുളം: പെൻഡ്രൈവ് തകരാറിലായതിനെ തുടർന്ന് യു.പി വിഭാഗം സംഘനൃത്തം തടസപ്പെട്ടു. ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കളിലെ ഒന്നാം നമ്പർ വേദിയിൽ വൈകിട്ട് നാലിന് നടന്ന സംഘനൃത്തത്തിൽ രജി.നമ്പർ 12 ടീമിന്റെ നൃത്തമാണ് തടസപ്പെട്ടത്. നൃത്തം തുടങ്ങി അല്പം കഴിഞ്ഞതും പശ്ചാത്തല ഗാനത്തിൽ വ്യത്യാസം അനുഭവപ്പെട്ടതോടെ സദസിലുള്ളവർ ബഹളം വയ്ക്കുകയും തുടർന്ന് ഗാനം ഓഫാക്കുകയും കർട്ടൻ താഴ്‌ത്തുകയുമായിരുന്നു. വേറെ പെൻഡ്രൈവ് കരുതിയിട്ടില്ലാത്തതിനാൽ ബന്ധപ്പെട്ടവർ വാട്ട് ആപ്പിൽ ഗാനം അയപ്പിച്ച് മൊബൈൽ ഫോൺ കണക്ട് ചെയ്തതിനെ തുടർന്നാണ് സംഘ നൃത്തം പുനരാരംഭിച്ചത്. നിശ്ചയിച്ച സമയത്തിൽ നിന്ന് ഏറെ വൈകി ആരംഭിച്ച മത്സരം, ഇക്കാരണത്താൽ പതിനഞ്ച് മിനിറ്റോളം തടസപ്പെടുകയും ചെയ്തു.